കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ് പെരിയ ഇരട്ടക്കൊലപാതകം. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ച പെരിയ കേസിന്റെ നാൾവഴികളിലൂടെ.
ഫെബ്രുവരി 18ന് സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ, സുഹൃത്തും സഹായിയുമായ സി.ജെ സജി എന്നിവർ പിടിയിലായി. പിന്നാലെ പീതാംബരനെ പാർട്ടി പുറത്താക്കി. ദിവസങ്ങൾക്കുള്ളിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാൽ പ്രതികൾ എന്ന് കണ്ടെത്തിയവർക്ക് പുറമേ മറ്റു പലരിലേക്കും അന്വേഷണം എത്തുന്നു എന്ന സൂചനകൾക്കിടെ അന്വേഷണ സംഘത്തിൽ അഴിച്ചു പണി. അന്വേഷണ സംഘത്തലവൻ എസ്.പി വി.എം മുഹമ്മദ് റഫീഖ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. മെയ് 20 ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ എന്നിവർ ഉൾപ്പെടെ ആകെ 14 പ്രതികൾ.
ക്രൈംബ്രാഞ്ചിന്റെ പ്രതിപട്ടികക്ക് പുറമെ മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 10 പേരെകൂടി സിബിഐ പ്രതി ചേർത്തു. കുറ്റപത്രം നൽകി വിചാരണ ആരംഭിച്ചു. 2024 ഡിസംബർ 28ന് കെ. വി കുഞ്ഞിരാമൻ, കെ. മണികണ്ഠൻ ഉൾപ്പെടെ കേസിലെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. 10 പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പേരെ വെറുതെ വിട്ടു.
പെരിയ ഇരട്ടക്കൊലപാതക കേസ് നാൾവഴികൾ
2019 ഫെബ്രുവരി 17- രാത്രി 7. 45 : കല്യോട്ടെ പി.വി കൃഷ്ണന്റെ മകൻ കൃപേഷ് (19), പി. കെ സത്യനാരായണന്റെ മകൻ ശരത് ലാൽ (23) എന്നിവരെ കല്യോട്ട് സ്കൂൾ - ഏച്ചിലടുക്കം റോഡിൽ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുന്നു..
ഫെബ്രുവരി 18 - സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ, സുഹൃത്തും സഹായിയുമായ സി.ജെ സജി എന്നിവർ അറസ്റ്റിൽ. ഇതോടെ പീതാംബരനെ പാർട്ടി പുറത്താക്കി
ഫെബ്രുവരി 21- കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ഉയരുന്നു... എന്നാൽ സംസ്ഥാന സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നു.... എസ്.പി വി.എം മുഹമ്മദ് റഫീഖിന് അന്വേഷണ ചുമതല
മാർച്ച് 2 - അന്വേഷണ സംഘത്തലവനായ എസ്.പി വി.എം മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചു... പിന്നാലെ സംഘത്തിലെ ഡിവൈഎസ്പിക്കും സി.ഐമാർക്കും മാറ്റം
ഏപ്രിൽ 1 - അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയിൽ
മെയ് 14 - സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
മെയ് 20 - ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നു... ആകെ 14 പ്രതികൾ, മുഴുവൻ പ്രതികൾക്കും സിപിഎമ്മുമായി അടുത്ത ബന്ധം
സെപ്റ്റംബർ 30 - ഹൈക്കോടതി സിംഗിൾ ബഞ്ച് അന്വേഷണം സിബിഐക്ക് വിടുന്നു...
ഒക്ടോബർ 29 - സിബിഐ അന്വേഷണത്തിനെതിരെ ഡിവിഷൻ ബെഞ്ചിന് സംസ്ഥാന സർക്കാർ അപ്പീൽ നൽകി... പിന്നീട് ഈ അപ്പീൽ തള്ളി
നവംബർ12 - സിബിഐ അന്വേഷണത്തെ എതിർത്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ.... തടസ്സ ഹർജിയുമായി യുവാക്കളുടെ മാതാപിതാക്കളും...
ഡിസംബർ 1 - സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി... അന്വേഷണം സിബിഐ ഏറ്റെടുത്തു
2021 ഡിസംബർ 3 - സിബിഐ അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം നൽകി. മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 10 പേരെ കൂടി സിബിഐ പ്രതി ചേർത്തു
2023 ഫെബ്രുവരി 2 - കൊച്ചി സിബിഐ കോടതിയിൽ കേസിൽ വിചാരണ തുടങ്ങി
2024 ഡിസംബർ 28- കേസിൽ 14 പേർ കുറ്റക്കാരെന്ന് കോടതി. 10 പേരെ വെറുതെവിട്ടു. ജനുവരി 3ന് ശിക്ഷാ വിധി പ്രഖ്യാപിക്കാനായി മാറ്റി
കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ - എ. പീതാംബരൻ, സജി സി. ജോർജ്, കെ. എം സുരേഷ്, കെ. അനിൽകുമാർ, ഗിജിൻ, ആർ. ശ്രീരാഗ്, എ. അശ്വിൻ, സുബീഷ്, ടി. രഞ്ജിത്ത്, എ. സുരേന്ദ്രൻ, കെ. മണികണ്ഠൻ, കെ. വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി , കെ. വി ഭാസ്കരൻ