പെരിയ ഇരട്ടക്കൊലപാതക കേസിൽ ഉദുമ മുൻ MLA കെ.വി.കുഞ്ഞിരാമൻ അടക്കമുള്ള നേതാക്കളെ അഞ്ച് വർഷം തടവിനാണ് കോടതി ശിക്ഷിച്ചത്. കൊലപാതക സംഘത്തിൽ ഉൾപ്പെട്ട പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കുന്നതിന് ദൃക്സാക്ഷിയായ മാധ്യമപ്രവർത്തകന്റെ മൊഴിയാണ് സിപിഎം നേതാക്കൾക്കെതിരെ നിർണായകമായത്. എന്നാൽ അഞ്ചുവർഷം ഒരു പ്രശ്നമേയല്ല എന്നായിരുന്നു കെ.വി.കുഞ്ഞിരാമൻ്റെ പ്രതികരണം.
കൊലപാതക സംഘത്തിൽപ്പെട്ട രണ്ടാംപ്രതി സജി.സി.ജോർജിനെയാണ് ഉദുമ മുൻ എം.എൽ.എ കെ.വി.കുഞ്ഞിരാമൻ അടക്കമുള്ള സിപിഎം നേതാക്കൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചത്. ഇതിന് തെളിവില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഈ വാദം കോടതി തള്ളി. ബേക്കൽ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന മനോജ്, സജി.സി.ജോർജിനെ കസ്റ്റഡിയിലെടുത്ത് ജീപ്പിലിരുത്തിയിരുന്നു. അവിടെയെത്തിയാണ് കെ.വി കുഞ്ഞിരാമൻ, ഉദുമ മുൻ ഏരിയ സെക്രട്ടറി കെ.മണികണ്‌ഠൻ, പാക്കം ലോക്കൽ സെക്രട്ടറിയായിരുന്ന രാഘവൻ വെളുത്തോളി, കെ.വി.ഭാസ്കരൻ എന്നീ സിപിഎം നേതാക്കൾ പ്രതികളെ മോചിപ്പിച്ചതെന്ന സിബിഐ വാദം കോടതി അംഗീകരിച്ചു.
സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന മാധ്യമപ്രവർത്തകൻ മാധവൻ്റെ മൊഴിയും നിർണായകമായി. അന്വേഷണസംഘത്തിന് മുന്നിലും, വിചാരണ സമയത്തും താൻ കണ്ട കാര്യം കൃത്യമായി തന്നെ ഇദ്ദേഹം വിവരിച്ചിരുന്നു. തുടർന്നാണ് കേസിൽ കെ.വി.കുഞ്ഞിരാമൻ അടക്കമുള്ള നാല് സിപിഎം നേതാക്കളെ കോടതി ശിക്ഷിച്ചത്. സജി.സി.ജോർജിനെതിരെ കൊലക്കുറ്റം തെളിഞ്ഞതോടെ ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറി നാല് സിപിഎം നേതാക്കൾക്കെതിരെ ഉള്ളത്. ഇതിലാണ് അഞ്ചുവർഷം തടവും, പതിനായിരം രൂപ പിഴയും കോടതി വിധിച്ചത്.
ഇതോടെ നാലുപേരുടെയും ജാമ്യം കോടതി റദ്ദാക്കി. നിലവിൽ കാക്കനാട് ജില്ല ജയിലേക്കാണ് നാല് നേതാക്കളെയും മാറ്റിയിട്ടുള്ളത്. അഞ്ചുവർഷം ഒരു പ്രശ്നമേയല്ലെന്നായിരന്നു ജയിലിലേക്ക് പോകുംവഴി കെ.വി.കുഞ്ഞിരാമന്റെ പ്രതികരണം. ഇതിനിടെ സിബിഐക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ശിക്ഷിക്കപ്പെട്ട കെ.മണികണ്ഠനും രംഗത്തെത്തി. കൂട്ടിലിട്ട തത്തയ്ക്ക് യജമാനനെ അനുസരിക്കുക മാത്രമേ നിവൃത്തിയുള്ളൂ എന്നും, ആത്യന്തികമായി സത്യം ജയിക്കുമെന്നും, നീതി ലഭിക്കുമെന്നുമായിരുന്നു മണികണ്ഠന്റെ പ്രതികരണം.