youthcongress-protest

ഉമ തോമസ് എംഎല്‍എ അപകടത്തില്‍പെട്ട കലൂരിലെ നൃത്തപരിപാടിക്ക് അനുമതി നല്‍കിയത് വഴിവിട്ടെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ജിസിഡിഎ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരച്ചുകയറി. രാജിയാവശ്യപ്പെട്ട് ചെയര്‍മാന്‍ ചന്ദ്രന്‍പിള്ളയെ വളഞ്ഞു. കയ്യേറ്റത്തിനു വന്നാല്‍ നേരിടാനറിയാമെന്ന് ചന്ദ്രന്‍പിള്ള. പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് നീക്കി പൊലീസ് . 

 

നിയമപരമായാണ് അനുമതി നല്‍കിയതെന്ന് ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള പറഞ്ഞു. സ്റ്റേഡിയം വിട്ടുനല്‍കിയത് എക്സിക്യുട്ടിവ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണെന്നും ചന്ദ്രന്‍ പിള്ള വ്യക്തമാക്കി. 

വീഴ്ച ആരുടേതെന്ന് പൊലീസ് അന്വേഷിക്കട്ടെ. മേയര്‍ ഒന്നുമറിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനെ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു? . മൃദംഗവിഷന്‍ തട്ടിപ്പുകാരല്ലെന്നും ചന്ദ്രന്‍പിള്ള പറഞ്ഞു. 

Read Also: നൃത്തപരിപാടിക്ക് അനുമതി നല്‍കിയത് ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞിട്ട്; ഉദ്യോഗസ്ഥരെ മറികടന്നു

അതേസമയം, കലൂരിലെ നൃത്തപരിപാടിക്ക് അനുമതി നല്‍കിയത് ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞിട്ടെന്ന വിവരം പുറത്ത്. ഉദ്യോഗസ്ഥരെ മറികടന്ന് കലൂര്‍ സ്റ്റേഡിയം വാടകയ്ക്ക് നല്‍കിയത് ചെയര്‍മാന്റെ ഇടപെടലിലാണ്. ഐഎസ്എല്‍ നടക്കുന്നതിനാല്‍ മറ്റൊന്നും പാടില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട് ചെയര്‍മാന്‍ തള്ളി. 9 ലക്ഷം രൂപ വാടക നിശ്ചയിച്ചതും കെ.ചന്ദ്രന്‍പിള്ളയാണ്.  അനുമതിപ്പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. അനുമതി നല്‍കിയതില്‍ അഴിമതിയെന്ന് കെ.ചന്ദ്രന്‍പിള്ളയ്ക്കെതിെര വിജിലന്‍സില്‍ പരാതി. 

ടര്‍ഫിന് കേടുപാട് പറ്റിയെന്ന് സംശയം

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം വിവാദ നൃത്ത പരിപാടിക്കു വേദിയാക്കിയതിൽ ബ്ലാസ്റ്റേഴ്സിനും ആക്ഷേപം. അടുത്ത ഹോം മാച്ചിന് മുൻപ്   സ്റ്റേഡിയത്തിലെ ടർഫ് പരിശോധിക്കാൻ ബ്ലാസ്റ്റേഴ്സ് അധികൃതരുടെ തീരുമാനം. ടർഫിനും, പുല്ലിനും കേടുപാട് പറ്റായിട്ടുണ്ടാകാമെന്ന സംശയത്തിലാണ് പരിശോധന.

വിവാദ നൃത്ത പരിപാടിക്കു ശേഷം മൈതാനത്ത് കേടുപാടുണ്ടോ എന്ന ആശങ്ക ബ്ലാസ്റ്റേഴ്സ് അധികൃതർ സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജി.സി.ഡി.എ എൻജിനിയർമാരുടെ സാനിധ്യത്തിലാണ് ബ്ലാസ്റേഴ്സ് അധികൃതർ സംയുക്ത പരിശോധന നടത്തുക. ജനുവരി 13ന് ഒഡീഷ എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഹോം മാച്ച്. അതിന് മുൻപാകും സ്റ്റേഡിയം പരിശോധന.

പുല്ലുവിരിച്ച ടർഫിൽ കാരവൻ കയറ്റിയതായി ആക്ഷേപമുണ്ട്. ഇത് ശരിയാണെങ്കിൽ ടർഫിന് കേടുപാടുണ്ടാകാനുള്ള സാധ്യത ഏറെയാണ്. 12,000ത്തിൽപരം നർത്തകരാണ് സ്റ്റേഡിയത്തിലെ പരിപാടിയിൽ പങ്കെടുത്തത്. മുഖ്യ നർത്തകിയായിരുന്ന ദിവ്യ ഉണ്ണി മൈതാന മധ്യത്തിലാണു നൃത്തം ചെയ്തത്. മറ്റു നർത്തകർ ടച്ച് ലൈൻ വരെ അണിനിരന്നു. ഇതെല്ലാമാണ് ബ്ലാസ്റ്റേഴ്സ് അധികൃതരുടെ ആശങ്കയ്ക്ക് കാരണം. മൈതാനത്ത് കേടുപാടുണ്ടായാൽ പരിഹാരം ചോദിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം. സ്‌റ്റേഡിയം ഉടമകൾ ജിസിഡിഎ ആണെങ്കിലും, മൈതാനത്തിന്റെ പരിപാലനം നടത്തുന്നത് ബ്ലാസ്റ്റേഴ്സ് ആണ്. പണാപഹരണത്തിനായി ചിലർ സംഘടിപ്പിച്ച തട്ടിപ്പു പരിപാടിയ്ക്ക് വേദിയാക്കിയതിലൂടെ കൊള്ളാവുന്നൊരു മൈതാനം നശിപ്പിച്ചെന്ന ആക്ഷേപം കായികപ്രേമികൾക്കുമുണ്ട്.

ENGLISH SUMMARY:

Youth congress protest against GCDA chairman