പുതുവത്സ രാവില്‍ വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മര്‍ദനമേറ്റയാള്‍ മരിച്ചു. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി ഹനീഫയാണ് മരിച്ചത്. ഹനീഫയെ മര്‍ദിച്ച ബ്രഹ്മമംഗലം സ്വദേശി ഷിബുവിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. മര്‍ദന ശേഷം ഹനീഫയെ ആശുപത്രിയിലെത്തിച്ചതും ഷിബുവാണ്.
ഡിസംബര്‍ 31ന് പുതുവത്സര രാവിലാണ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശി ഹനീഫയ്ക്ക് മര്‍ദമേല്‍ക്കുന്നത്. മുളന്തുരുത്തിയില്‍ വച്ച് ഹനീഫ ഓടിച്ചിരുന്ന കാര്‍ ബ്രഹ്മമംഗലം സ്വദേശിയായ ഷിബുവിന്‍റെ വാഹനത്തിന് പിന്നില്‍ തട്ടുന്നു. ഹനീഫ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന തര്‍ക്കത്തിനിടെയാണ് ഷിബു മര്‍ദിച്ചത്. മര്‍ദനമേറ്റ ഹനീഫ തലയിടിച്ച് നിലത്ത് വീഴുന്നത് സി സി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മര്‍ദിച്ച ശേഷം ആംബുലന്‍സില്‍ കയറ്റി ഹനീഫയെ ആശുപത്രിയിലെത്തിച്ചതും ഷിബുവാണ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് ഹനീഫ മരിക്കുന്നത്. ഹനീഫയ്ക്ക് ആന്തരിക രക്തസ്രാവം അടക്കമുണ്ടായിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ മര്‍ദിച്ചതാണെന്ന് ഷിബു പൊലീസിന് മൊഴി നല്‍കിയിരുന്നു. ഹനീഫയുടെ ആരോഗ്യനില വഷളായതിന് പിന്നാലെ ഒളിവില്‍ പോയ ഷിബുവിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.