അപൂർവ ഇനം വാച്ചുകളുടെയും ക്ലോക്കുകളുടെയും പേനകളുടെയും ശേഖരത്തിനുടമയാണ് ആലപ്പുഴ അരൂർ സ്വദേശി കെ.ബി.സിബി. ഇപ്പോൾ ഓരോ ദിവസവും ഓരോ വാച്ചും പേനയും ആണ് സിബി ഉപയോഗിക്കുന്നത്. ജോലി സംബന്ധമായി യാത്ര ചെയ്യുമ്പോഴും സിബി അന്വേഷിക്കുന്നത് വാച്ചുകളും പേനകളുമാണ്.
പഠിക്കുന്ന കാലത്ത് നല്ല ഒരു വാച്ച് കെട്ടി സ്കൂളിൽ പോകാൻ ആഗ്രഹിച്ച ആളായിരുന്നു അരൂർ കൊച്ചു തൈപ്പറമ്പിൽ കെ.ബി സിബി. ഇപ്പോൾ സിബിയുടെ വീട്ടിൽ വാച്ചുകളും ക്ലോക്കുകളും വയ്ക്കാൻ സ്ഥലമില്ലാത്ത സ്ഥിതിയാണ് .30 വർഷം മുമ്പു തുടങ്ങിയതാണ് വാച്ചുകളും ക്ലോക്കും പേനകളും ശേഖരിക്കാൻ തുടങ്ങിയത്. പഴക്കം കൊണ്ട് ശ്രദ്ധേയമായ ഏഴടി ഉയരുള്ള തടികൊണ്ട് നിർമിച്ച ഗ്രാൻ്റ് ഫാദർ ക്ലോക്ക്, 1747 ൽ നിർമിച്ച രണ്ടുവശങ്ങളിലായി വ്യത്യസ്ഥ സമയം കാണിക്കുന്ന ലണ്ടൻ റെയിൽവേ ക്ലോക്കും സിബിയുടെ ശേഖരത്തിലുണ്ട്.
ഏതെങ്കിലും പ്രത്യേകത ഉള്ള വാച്ചുകളും ക്ലോക്കുകളുമാണ് ശേഖരത്തിൽ ഉൾപ്പെടുത്തുന്നത്. ചൈനീസ് വാച്ചുകൾ ഒന്നും തന്നെ കൂട്ടത്തിലില്ല സ്റ്റീൽ, മെറ്റൽ സ്ട്രാപ്പുകളും കീ കൊടുത്ത് ഉപയോഗിക്കാവുന്ന വാച്ചുകളും ക്ലോക്കുകളുമാണ് കൈവശമള്ളവയിൽ ഏറെയും. കുട്ടികൾ, സ്ത്രീകൾ , പുരുഷൻമാർ തുടങ്ങിയവർ ഉപയോഗിക്കുന്ന വാച്ചുകൾ തരം തിരിച്ചാണ് സൂക്ഷിക്കുന്നത്. വാച്ചുകൾ തേടിയുള്ള അന്വേഷണത്തിലാണ് സിബിയുടെ വിവാഹക്കാര്യത്തിലും തീരുമാനമുണ്ടാകുന്നത്
വിൽപ്പന നികുതി വകുപ്പിൽ ജോലിയായിരുന്നു അച്ഛൻ ബേബിക്ക് . എസ്.എസ്.എല്‍.സി പരീക്ഷ എഴുതാൻ പിതാവ് ഒരു പാർക്കർ പേന വാങ്ങി നൽകി. പേനകളോടുള്ള താൽപര്യം അപ്പോൾ തുടങ്ങിയ 400 ലധികം പേനകളാണ് സിബിയുടെ പക്കലുള്ളത്. സ്റ്റീൽ, കോപ്പർ എന്നിവയുടെ ബോഡിയുള്ള പേനകളാണ് കൈയിലുള്ളവ എല്ലാം.