chittayam-gopakumar

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വീണ്ടും അഭിനയരംഗത്തേക്ക്. രഘു പെരുമ്പുളിക്കല്‍ സംവിധാനം ചെയ്യുന്ന എത്രയും പ്രിയപ്പെട്ടതെന്ന ഹ്രസ്വചിത്രത്തിലാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

 

അനാഥാലയത്തിന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ അനാഥാലയത്തിലെ അന്തേവാസികളായ രാധാമണിയമ്മയും ഭാസ്ക്കരൻ പിള്ളയുമാണ് നായികയും നായകനും. മറ്റു വേഷങ്ങൾ ചെയ്തവരും മഹാത്മാ ജവനസേവന കേന്ദ്രത്തില്‍ നിന്നുളളവർ തന്നെ. റീൽസിലൂടെ വൈറലായ അന്തേവാസികൾ തന്നെയാണ് കഥയ്ക്ക് അനുയോജ്യമായ അഭിനേതാക്കളെന്ന് സംവിധായകന് ഉറപ്പായിരുന്നു. ഒപ്പം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അനാഥാലയം നടത്തിപ്പുകാരുടെ റോളിൽ വരണമെന്ന് നിർബന്ധവും.

പന്തളം, അടൂർ, പള്ളിക്കൽ മഹാത്മ ജനസേവന കേന്ദ്രം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പൊതുപ്രവർത്തനത്തിന് തൽക്കാലം ചെറിയ അവധി നൽകി ചിറ്റയം ഓടിയെത്തി. എൻറെ ഗ്രാമം, ദി ലൈഫ് ഓഫ് മാൻഗ്രോവ് തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. എ.വി മൂവീസാണ് നിര്‍മാണം. എഡിറ്റിങ് ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം ചിത്രം യൂട്യൂബിൽ റിലീസ് ചെയ്യും.

ENGLISH SUMMARY:

Chittayam Gopakumar resumes acting career