കൊച്ചിയിലെ വിവാദ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍ നൃത്താധ്യാപകരെയും വഞ്ചിച്ചതായി വെളിപ്പെടുത്തല്‍. മെഗാ നൃത്തപരിപാടിയില്‍ പങ്കെടുത്ത ഓരോരുത്തരില്‍ നിന്നും 2,900 രൂപ വാങ്ങിയെന്നും ഇതില്‍ 900 രൂപ അധ്യാപകര്‍ക്കുള്ളതാണെന്നുമാണ് മൃദംഗവിഷന്‍ ഉടമയുടെ വാദം. പന്ത്രണ്ടായിരത്തിലേറെ നര്‍ത്തകരില്‍ നിന്ന് പിരിച്ചെടുത്ത തുകയുടെ കണക്ക് ചോദിച്ചപ്പോള്‍ നിഗോഷ് പൊലീസിന് മുന്നിലും കണക്ക് ആവര്‍ത്തിച്ചു. എന്നാല്‍ ഗുരുദക്ഷിണ എന്ന പേരില്‍ നര്‍ത്തകരില്‍ നിന്ന് തലവരിപ്പണം പിരിച്ചെങ്കിലും തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.
പരാതി ഉന്നയിച്ച് നൃത്താധ്യാപകര്‍ രംഗത്തെത്തിയതോടെ പണം അക്കൗണ്ടില്‍ നല്‍കുമെന്നായി വാദം. എം.എല്‍.എ വീണ് പരുക്കേറ്റതിനാല്‍ നൃത്താധ്യാപകരെ ആദരിക്കുന്ന ചടങ്ങ് നടത്താന്‍ സാധിച്ചില്ലെന്നും ഗിന്നസ് റെക്കോര്‍ഡ് ലഭിച്ച പരിപാടി വന്‍ വിജയമായിരുന്നുവെന്നും സന്ദേശത്തില്‍ പറയുന്നു. നൃത്താധ്യാപകരെ പിന്നീടൊരിക്കല്‍ ആദരിക്കുമെന്നും നല്‍കാനുള്ള പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നുമാണ് മൃദംഗവിഷന്‍റെ അവകാശവാദം.