പി.വി. അന്‍വര്‍ എംഎൽഎയുടെ നേതൃത്തിലുള്ള സംഘം പൊലീസിനെ ആക്രമിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പൊലീസുകാരെ നിലത്തിട്ട് ചവിട്ടിപ്പരുക്കേല്‍പ്പിച്ചു. ഓഫിസ് സാമഗ്രികള്‍ തകര്‍ത്തു. 35,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട്. റിമാന്‍ഡ് റിപ്പോര്‍ട്ട് മനോരമ ന്യൂസിന് ലഭിച്ചു. ടിപി കേസ് പ്രതികളെ പാർപ്പിച്ച തവനൂർ ജയിലിലേക്ക് പി വി അൻവറിനെ അയച്ചതിൽ ദുരൂഹതയുണ്ടെന്ന് ഡിഎംകെ കോഡിനേറ്റർ ഹംസ പറക്കാട്ടിൽ പറഞ്ഞു. അൻവറിന്റെ ജാമ്യാപേക്ഷ നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
നാടകീയ രംഗങ്ങൾക്കിടെ അറസ്റ്റിലായ പി വി അൻവറിന്റെ ആസൂത്രണത്തിലും നേത്യത്വത്തിലുമാണ് ഡിഎഫ്ഒ ഓഫീസ് തല്ലിത്തകർത്തതെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. അൻവറിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസ് ഉദ്യോഗസ്ഥരെ ചവിട്ടിപ്പരുക്കേൽപ്പിച്ചു. 35000 രൂപയുടെ നാശനഷ്ടമുണ്ടാക്കി. പി.വി. അൻവറിന് ഒപ്പമുള്ള മറ്റു നാല് പ്രതികളും റിമാൻഡിലാണ്.
ആകെയുള്ള 11 പ്രതികളിൽ 6 പേർ കൂടി അറസ്റ്റിൽ ആവാനുണ്ട്. പി വി അൻവറിനെ തവനൂർ ജയിലിലേക്ക് അയച്ചത് ആസൂത്രിതമാണോ എന്ന് സംശയിക്കുന്നതായി ഡിഎംകെ കോഡിനേറ്റർ ഹംസ പറക്കാട്ടിൽ .അൻവറിനെ ഭീഷണിപ്പെടുത്താനും അപായപ്പെടുത്താനും സാധ്യതയുണ്ടോ എന്ന് ആശങ്കയുണ്ടെന്നും പറഞ്ഞു. ഡി എഫ് ഒ ഓഫീസ് തല്ലിത്തകർത്തതിൽ പ്രതിഷേധിച്ച് വിവിധ ഉദ്യോഗസ്ഥ സംഘടനകൾ നിലമ്പൂരിൽ പ്രതിഷേധ പ്രകടനം നടത്തി.