വയനാട് ഡിസിസി ട്രഷററുടേയും മകന്‍റേയും ആത്മഹത്യയില്‍ പ്രതികരണവുമായി കെ.സുധാകരന്‍. എന്‍.എം.വിജയന്‍ ഉന്നയിച്ച വിഷയങ്ങള്‍ നേരത്തെ പാര്‍ട്ടിയുടെ മുന്നിലുണ്ടെന്ന് കെ.സുധാകരന്‍ പറഞ്ഞു. ഐ.സി.ബാലകൃഷ്ണന്‍, അപ്പച്ചന്‍ തുടങ്ങിയവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തൂങ്ങിയാല്‍ എല്ലാവരും തൂങ്ങും എന്ന് അവരോട് പറഞ്ഞിരുന്നു. ഐ.സി.ബാലകൃഷ്ണന്‍ തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്നും കെപിസിസി പ്രസിഡ‍ന്‍റ്. അതേസമയം, എന്‍.എം.വിജയന്‍ എഴുതിയ കത്ത് വായിച്ചെന്നു പറഞ്ഞ കെ.സുധാകരന്‍ കെപിസിസി അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം പ്രതികരിക്കുമെന്നും വ്യക്തമാക്കി. എന്‍.എം.വിജയന്‍റെ കുടുംബം അന്തവും കുന്തവുമില്ലാതെ എന്തൊക്കെയോ പറയുന്നുവെന്നും സുധാരകരന്‍.

അതേസമയം, കെപിസിസി അന്വേഷണസമിതി നാളെ വയനാട്ടിലെത്തും. എന്‍.എം.വിജയന്‍റെ വീട് സന്ദര്‍ശിക്കും കുടുംബവുമായി സംസാരിക്കും. എന്‍.എം. വിജയന്‍റെ ആത്മഹത്യാകുറിപ്പ് ഫൊറന്‍സിക് പരിശോധനയ്ക്കയക്കുമെന്ന് പൊലീസും വ്യക്തമാക്കി. കുറിപ്പിലെ കയ്യക്ഷരം പരിശോധിക്കും; കോടതിയില്‍ ഇതിനായി അപേക്ഷ നല്‍കും. ആത്മഹത്യാകുറിപ്പില്‍ പേരുള്ളവരുടെ മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. നിയമനത്തിനായി പണംനല്‍കിയ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട് എന്‍.എം. വിജയനില്‍നിന്ന് പണം എവിടേക്കുപോയെന്ന് അന്വേഷിക്കുമന്നും പൊലീസ്. കത്തില്‍ പാര്‍ട്ടി അന്വേഷണം നടക്കുന്നുവെന്ന് വി.ഡി. സതീശന്‍ പ്രതികരിച്ചിരുന്നു. സത്യാവസ്ഥ പരിശോധിച്ച ശേഷം പ്രതികരിക്കാം. കുടുംബത്തിന്‍റെ മുന്നില്‍വച്ചു തന്നെ കത്ത് വായിച്ചു. കത്ത് കിട്ടിയില്ലെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കത്ത് കൈമാറാന‍് വന്നപ്പോള്‍ മകന്‍റേത് ഭീഷണി സ്വരമായിരുന്നെന്നും വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു.

നേരത്തെ എന്‍.എം.വിജയന്‍റെ ആത്മഹത്യയില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീഷനെതിരെ വി‍ജയന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. അച്ഛന്‍റെ വാക്കിന്‍റെ പുറത്താണ് സതീശനെ കാണാൻ പോയതെന്ന് മകന്‍ വിജീഷ്. പാർട്ടി നേതാവ് പറയണ്ട രീതിയിലല്ല തന്നോട് സതീശന്‍ സംസാരിച്ചത്. ഭീഷണിപ്പെടുത്തേണ്ട കാര്യം എനിക്കില്ല, അച്ഛൻ പറഞ്ഞതാണ് ഞാ‍ന്‍ ചെയ്തത്. പാർട്ടിയുടെ നേതാക്കളിൽ നിന്ന് നീതി കിട്ടും എന്ന് പ്രതീക്ഷയില്ലെന്നും വിജീഷ് പറഞ്ഞു. വിജിലന്‍സിന് മൊഴി നല്‍കിയശേഷമായിരുന്നു വിജീഷിന്‍റെ പ്രതികരണം. വിജയന്‍ ആത്മഹത്യയ്ക്ക് മുന്‍പെഴുതിയ കത്തുകള്‍ പുറത്ത് വന്നിരുന്നു. നിയമനത്തിനെന്ന പേരില്‍ പണംവാങ്ങിയത് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ആണെന്നും, ബാധ്യത കുമിഞ്ഞപ്പോള്‍ ആരും തന്നെ തിരിഞ്ഞുനോക്കിയില്ലെന്നും കത്തില്‍ എന്‍.എം.വിജയന്‍ പറയുന്നുണ്ട്. മൂന്ന് ഡി.സി.സി പ്രസിഡന്‍റുമാര്‍‍ പണം പങ്കിടുന്നതിലെ തര്‍ക്കമാണ് എല്ലാത്തിനും കാരണമെന്നും അദ്ദേഹം പറയുന്നു. 

ENGLISH SUMMARY:

K. Sudhakaran addresses media regarding the suicides of N.M. Vijayan and his son.