ശനിയാഴ്ച രാത്രി ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു. സംഭവത്തില്‍ വനംവകുപ്പിന്‍റെ അനാസ്ഥ ആരോപിച്ച് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ഓഫിസിലേക്ക് ഞായറാഴ്ച പി.വി. അന്‍വറിന്‍റെ പാര്‍ട്ടിയായ ഡിഎംകെയുടെ പ്രതിഷേധമാര്‍ച്ച്. ഞായറാഴ്ച ആയതിനാല്‍ ഓഫിസില്‍ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. നാടകീയമായായിരുന്നു എംഎല്‍എയുടെ നേതൃത്വത്തില്‍ ഓഫിസിന് മുന്നില്‍ ഉപരോധം തുടങ്ങിയത്. ഉയര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തീരുമാനം അറിയിക്കുംവരെ പിരിഞ്ഞുപോകില്ലെന്നായിരുന്നു പ്രഖ്യാപനം. സ്ഥലത്ത് എസ്ഐ ഉള്‍പ്പെടെ 5 പൊലീസുകാര്‍. സമരം തുടരുന്നതിനിടെ 11.15ന് ഫോണ്‍ വന്ന് എംഎല്‍എ കൂട്ടത്തില്‍ നിന്ന് മാറി. ഈ സമയത്ത് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഓഫിസിലേക്ക് ഇരച്ചുകയറുന്നു. ഫര്‍ണിച്ചര്‍ മറിച്ചിട്ട് കേടുവരുത്തുകയും ക്ലോക്ക്, ട്യൂബ് ലൈറ്റ് എന്നിവ തകര്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് എംഎല്‍എ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
അതിനിടെ എംഎല്‍എയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് പ്രകടനം. കവാടത്തില്‍ എംഎല്‍എ പ്രസംഗിച്ചു. തുടര്‍ന്ന് സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാലുമായി ചര്‍ച്ചയ്ക്ക് മോര്‍ച്ചറിയിലേക്ക് പോയി. ഈ തക്കത്തിന് ഡിഎഫ്ഒ ഓഫിസില്‍ അതിക്രമം നടത്തിയ 4 ഡിഎംകെ പ്രവര്‍ത്തകരെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തുകൊണ്ടുപോയി. ഇതുവരെ നാട്ടിലെ ഒരു പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ട് സാധാരണ ഉണ്ടാകാറുള്ള നിയമനടപടികളുമാണ് അരങ്ങേറിയത്. പക്ഷേ വൈകീട്ടായതോടെ കഥ മാറി.