നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ബോബി ചെമ്മണ്ണൂരിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ കോടതിയില്‍ ഹാജരാക്കും. വയനാട്ടില്‍നിന്നാണ് കൊച്ചി പൊലീസ് ബോബിയെ കസ്റ്റഡിയില്‍ എടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 75ാം വകുപ്പ് പ്രകാരം ലൈംഗീഗാതിക്രമം ഐടി ആക്ടിലെ 67 ാം വകുപ്പ് എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം പരാതിയില്‍ നടി ഹണി റോസിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന് കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കാര്‍ വളഞ്ഞ് പൊലീസ് ബോബിയെ കസ്റ്റഡിയിലെടുത്തത്. ദ്വയാര്‍ഥപ്രയോഗത്തിലൂടെ ലൈംഗികാധിക്ഷേപം നടത്തുന്നതിന്‍റെ വിഡിയോ സഹിതം നല്‍കിയ പരാതിയില്‍ ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. തനിക്കെതിരെയുള്ള ലൈംഗികാധിക്ഷേപങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് നടി ഹണി റോസ് നന്ദി പറയുകയും ചെയ്തു. ശക്തമായ നടപടി ഉറപ്പുനല്‍കിയ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പൊലീസിനും നന്ദി. ഭരണഘടന വാഗ്ദാനം ചെയ്ത പൗരന്റെ അവകാശം തേടിയായിരുന്നു പോരാട്ടമെന്നും ഹണി ഫെയ്സ്ബുക്കില്‍ കുറിച്ചു.