ഹണിറോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ നടിയ്ക്ക് പിന്തുണയുമായി പി പി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സര്‍വ്വമേഖലയിലേക്കും സ്ത്രീകള്‍ കടന്നുവരുന്നത് ചില വിഭാഗങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും അത്തരക്കാരാണ് സമൂഹമാധ്യമങ്ങളിലൂടെ വന്ന് അധിക്ഷേപം ചൊരിയുന്നതെന്നും പി പി ദിവ്യ. ഹണി റോസിനു കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെയെന്നും പോസ്റ്റില്‍ ദിവ്യ. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കിടെ കടുത്ത സൈബറാക്രമണവും വന്നിരുന്നു. അന്ന് ദിവ്യ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത വ്യക്തിയുടെ പേരുവിവരങ്ങളും ദിവ്യ  ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. 

‘സമൂഹ മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ, അപമാനങ്ങൾ വർദ്ധിക്കുകയാണ്.... സർവ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്...അതിൽ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്..ചിലർക്കു എന്ത് അശ്ലീലവും വിളിച്ചു പറയാൻ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്...അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാർ സമൂഹ മാധ്യമങ്ങളിൽ ചെയ്യുന്നത്..... അശ്ലീല കഥകളുണ്ടാക്കി ഓൺലൈൻ ചാനൽ വഴി പണമുണ്ടാക്കുന്ന കുറെയെണ്ണം വേറെ... വയറ്റ് പിഴപ്പിന് എന്തൊക്കെ മാർഗ്ഗമുണ്ട്... 

അന്തസ്സുള്ള വല്ല പണിക്കും പോയി  മക്കൾളുടെ വയറു നിറക്ക്. ഹണി റോസ് ന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ’ യെന്നാണ് ദിവ്യ തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. 

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ബോബി ചെമ്മണ്ണൂരിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിക്കഴിഞ്ഞു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ കോടതിയില്‍ ഹാജരാക്കും. വയനാട്ടില്‍നിന്നാണ് കൊച്ചി പൊലീസ് ബോബിയെ കസ്റ്റഡിയില്‍ എടുത്തത്.‌ ഭാരതീയ ന്യായ സംഹിതയിലെ 75ാം വകുപ്പ് പ്രകാരം ലൈംഗികാതിക്രമം ഐടി ആക്ടിലെ 67 ാം വകുപ്പ് എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം പരാതിയില്‍ നടി ഹണി റോസിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

The Facebook post by P.P. Divya in support of the actress following the arrest of Bobby Chemmanur in connection with Honey Rose's complaint.:

The Facebook post by P.P. Divya in support of the actress following the arrest of Bobby Chemmanur in connection with Honey Rose's complaint. She also added the details of her case in this post.