parliament-to-panchayth-news

പാര്‍ലമെന്‍റിനെയും ഭരണസംവിധാനത്തെയും അടുത്തറിയാന്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഗ്രാമമുഖ്യര്‍ രാജ്യതലസ്ഥാനത്ത്.  രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുകയും ഡല്‍ഹി കാണുകയും ചെയ്ത 502 പേരില്‍ കേരളത്തില്‍ നിന്നുള്ള എട്ട് പേരുമുണ്ടായിരുന്നു.  വയനാട്  തൊണ്ടര്നാ‍ട് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ തൊട്ടടുത്ത് എത്തും വരെ ആകാംക്ഷയിലായിരുന്നു. 

പാഠം പുസ്കങ്ങളില്‍ നിന്ന് കേട്ടറിഞ്ഞ് തുടങ്ങിയ രാജ്യതലസ്ഥാനം കണ്ടതിന്റെ ആശ്ചര്യത്തിലായിരുന്നു  വയനാട് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഗിരിജ കൃഷ്ണന്‍.വിമാന യാത്ര എന്ന സ്വപ്നവും  ഗിരിജക്ക് യാഥാര്‍ഥ്യമായി.തീ പൊരി ഗ്രാമമുഖ്യന്‍മാരെല്ലാം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍  സ്പീക്കര്‍ ഓം ബിര്‍ളയുടെ ഉദ്ഘാടന പ്രസംഗം കേട്ടിരുന്നത് കൗതുകം നിറഞ്ഞ കുട്ടികളെ പോലെ.  കാസര്‍കോഡ് വെസ്റ്റ് എലേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്  പഞ്ചായത്തില്‍ നിന്ന്  പാര്‍ലമെന്റിലേക്കുള്ള ആഗ്രഹം പങ്കുവച്ചു.

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരുതി മുരുകന്‍, സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് അന്പിളി കെകെ,  ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി, മാന്‍കുളം പഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദന്‍ എന്നവരും സ്വപ്ന സാക്ഷാത്കാരത്തിന്റെ സന്തോഷത്തിലായിരുന്നു.

​പുദുര്‍ ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ് വള്ളി, ഷോലയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ, ബലാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി എന്നിവരാണ് കേരള സംഘത്തിലെ മറ്റുള്ളര്‍. എല്ലാവര്‍ക്കും വേണ്ട നിര്ദേശങ്ങള്‍ നല്‍കി കില സീനിയര്‍ ട്രെയിനിങ് കോര്‍ഡിനേറ്റര്‍ ആര്‍ ഐ റിസ്മിയയും. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട വനിത ജനപ്രതിനിധികളെ ശാക്തീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

ENGLISH SUMMARY:

Village leaders from Scheduled Tribes arrive in the national capital to closely understand Parliament and the administrative system