നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ അറസ്റ്റ് ചെയ്ത വ്യവസായി ബോബി ചെമ്മണ്ണൂരിന്‍റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ബോബിയുടെ വൈദ്യ പരിശോധന ഇന്ന് തന്നെ നടത്തുകയും ചെയ്യും. ബോബിയെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പൊലീസിന്‍റെ നിര്‍ണായക നീക്കങ്ങള്‍. ബോബി ചെമ്മണ്ണൂരിനെ നാളെയായിരിക്കും കോടതിയില്‍ ഹാജരാക്കുക. അതേസമയം ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് രഹസ്യമൊഴി നല്‍കി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ മൊഴിയെടുപ്പ് രണ്ടുമണിക്കൂര്‍ നീണ്ടു.
വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന് കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കാര്‍ വളഞ്ഞ് പൊലീസ് ബോബിയെ കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബോബി ചെമ്മണ്ണൂരിനെ പുലര്‍ച്ചെ വയനാട്ടിലെ എസ്റ്റേറ്റില്‍ വാഹനം തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹണിറോസിന്‍റെ പരാതി ലഭിച്ച് പതിനഞ്ചാം മണിക്കൂറിലായിരുന്നു സെന്‍ട്രല്‍ പൊലീസിന്‍റെ നടപടി. ദ്വയാര്‍ഥപ്രയോഗത്തിലൂടെ ലൈംഗികാധിക്ഷേപം നടത്തുന്നതിന്‍റെ വിഡിയോ സഹിതം നല്‍കിയ പരാതിയില്‍ ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 75ാം വകുപ്പ് പ്രകാരം ലൈംഗികാതിക്രമവും ഐടി ആക്ടിലെ 67 ാം വകുപ്പുപ്രകാരമുള്ള കുറ്റവുമാണ് ബോബിക്കെതിരെ ചുമത്തിയത്. ഭരണഘടന വാഗ്ദാനം ചെയ്ത പൗരന്റെ അവകാശം തേടിയായിരുന്നു പോരാട്ടമെന്നും, ഒപ്പം നിന്നവര്‍ക്കും, ശക്തമായ നടപടി ഉറപ്പുനല്‍കിയ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പൊലീസിനും നന്ദിയെന്നും ഹണി റോസ് പ്രതികരിച്ചു.