ഹണിറോസിനെതിരായ സൈബര്‍ ആക്രമണക്കേസ് പ്രത്യേക സംഘം അന്വേഷിക്കും. സെന്‍ട്രല്‍ എസിപി ജയകുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. സൈബര്‍സെല്‍ അംഗങ്ങളെയും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ബോബി ചെമ്മണ്ണൂരിനെതിരായ പരാതിയിൽ ഹണിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. നിലവിൽ എഴുതി നൽകിയ പരാതി അടിസ്ഥാനപ്പെടുത്തിയുള്ള മൊഴിയെടുപ്പിന് ശേഷം കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുന്നതിൽ തീരുമാനമെടുക്കും. തെളിവുകൾ കൂടി ശേഖരിച്ച ശേഷം ബോബി ചെമ്മണ്ണൂരിനെ അടുത്ത ദിവസം ചോദ്യം ചെയ്യും. അറസ്റ്റിനുള്ള സാധ്യതയുള്ളതിനാൽ ബോബി മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചേക്കും. നിലവിൽ ലൈംഗിക അതിക്രമത്തിനുള്ള ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്.
സമൂഹമാധ്യമങ്ങൾ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ വകുപ്പും ബോബിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഹണിക്കെതിരെയും മറ്റ് സ്ത്രീകള്‍ക്കെതിരെയും അശ്ലീല പരാമര്‍ശം നടത്തുന്ന വിഡിയോ തെളിവുകൾ സഹിതമാണ് ഹണി റോസ് പരാതി നൽകിയത്.