എറണാകുളം കൈപ്പട്ടൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മാണിക്യമംഗലം സ്വദേശി അനില്‍കുമാറാണ് മരിച്ചത്. നിയന്ത്രണം വിട്ട് ബൈക്ക് അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് അപകടം സംഭവിച്ചത്. 23 വയസായിരുന്നു .
ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അനില്‍കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേബിള്‍ ടിവി ജീവനക്കാരനായിരുന്നു. അഴുക്കുചാലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉള്‍പ്പെടെ മറ്റെന്തെങ്കിലും അപാകതകള്‍ ഉണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടത്തില്‍ നാലുപേരാണ് മരിച്ചത് . പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. കണ്ണൂർ ഉളിയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടം. ഉളിയില്‍ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. ബീനയുടെ ഭര്‍ത്താവ് തോമസിനും മകന്‍ ആല്‍ബിനും പരുക്കേറ്റു. ആല്‍ബിന്‍റെ വിവാഹത്തിനുള്ള വസ്ത്രങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴാണ് അപകടം. അമിതവേഗത്തിലെത്തിയ കാര്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് സ്ഥലത്തുണ്ടായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറഞ്ഞു.
തൃശൂർ ഓട്ടുപാറയിൽ വയറുവേദനയ്ക്ക് ഡോക്ടറെ കാണിക്കാൻ പോയ നാലുവയസുകാരി അപകടത്തിൽ മരിച്ചു. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. KSRTC സ്വിഫ്റ്റ് ബസ്, പെട്ടി ഓട്ടോറിക്ഷയുടെ പിന്നിലിടിക്കുകയായിരുന്നു. മുള്ളൂർക്കര സ്വദേശി നൂറ ഫാത്തിമയാണ് മരിച്ചത്. അച്ഛൻ ഉനൈസ് , അമ്മ റെയ്ഹാനത്ത് എന്നിവർക്ക് പരുക്കേറ്റു.