വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യയില്‍ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതിചേര്‍ത്തു. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയിട്ടുണ്ട്. വിഷയത്തില്‍ കൂടുതൽ നടപടിക്കൊരുങ്ങുകയാണ് പൊലീസ്. എൻ.എം വിജയൻ നേതാക്കൾക്കയച്ച കത്തിലും ആത്മഹത്യ കുറിപ്പിലും ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. കത്തിൽ സൂചിപ്പിച്ച മറ്റു നേതാക്കൾക്കു നേരെയും നടപടിയുണ്ടായേക്കാം. നേരത്തെ പൊലീസ് സ്വാഭാവിക മരണത്തിനാണ് കേസ് എടുത്തതെങ്കിലും ഇന്നലെ ആത്മഹത്യപ്രേരണകുറ്റം കൂടി ചുമത്തി. കേസെടുത്തത് രാഷ്ട്രീയ പ്രേരിതമെന്ന് വയനാട് ഡിസിസി പ്രസിഡന്‍റ് എന്‍.ഡി.അപ്പച്ചന്‍ പ്രതികരിച്ചു.
അതേസമയം, എന്‍.എം.വിജയന്റെ ആത്മഹത്യയില്‍ പാര്‍ട്ടി അന്വേഷണം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ നടപടി എടുക്കും. പാര്‍ട്ടിക്ക് പരാതി ലഭിച്ചതുകൊണ്ടാണ് അന്വേഷണം നടത്തുന്നത്. നേതാക്കള്‍ മൂലം സാമ്പത്തികബാധ്യതയുണ്ടായെങ്കില്‍ പാര്‍ട്ടിക്കും ഉത്തരവാദിത്തമുണ്ട്. ആത്മഹത്യയ്ക്ക് ശേഷം മാത്രമാണ് ഈ വിഷയം അറിഞ്ഞതെന്നും വി.ഡി.സതീശന്‍ പറഞ്ഞു. എന്‍.എം.വിജയന്റെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് പങ്ക് വ്യക്തമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചു. സുധാകരനും സതീശനും സ്വീകരിച്ചത് കുടുംബത്തെ ആക്ഷേപിക്കുന്ന നിലപാടെന്നും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ രാജിവയ്ക്കണമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെതിരെ കൂടി വിമർശനവുമായി എൻ.എം.വിജയന്‍റെ മകൻ രംഗത്തെത്തിയതോടെയാണ് വിഷയത്തില്‍ പാർട്ടി കൂടുതൽ പ്രതിരോധത്തിലായത്. കുടുംബം കൂടുതൽ വിമർശനം ഉയർത്തിയാൽ പാർട്ടിയെ ഗുരുതരമായി ബാധിക്കുമെന്നുറപ്പിച്ചതോടെയാണ് കെ.പി.സി.സി അന്വേഷണസമിതി വേഗത്തിൽ എൻ.എം.വിജയന്‍റെ വീട്ടിലെത്തിയത്. ഏറെ നേരത്തേ ചർച്ചക്കൊടുവിൽ കുടുംബത്തെ അനുനയിപ്പിക്കാനായി. ആത്മഹത്യയിൽ നടപടി ഉണ്ടാകുമെന്ന് കെപിസിസി ഉറപ്പു നൽകിയെന്നും മാധ്യമങ്ങൾക്ക് മുന്നിൽ ഇനി പ്രതികരിക്കാനില്ലെന്നും കുടുംബം അറിയിച്ചു. ഇതോടെ പാർട്ടിക്ക് നേരിയ തോതിലെങ്കിലും തലവേദനയൊഴിഞ്ഞെങ്കിലും മുന്നിലെ പ്രതിസന്ധിക്ക് കുറവുണ്ടാവുന്നില്ല.
എൻ.എം വിജയന്‍റെ കത്ത് പരിശോധിച്ചതിലൂടെയാണ് ആത്മഹത്യ പ്രേരണ കൂടി ചുമത്തിയത്. ഐ.സി ബാലകൃഷ്ണനെ പ്രതി ചേർത്തതോടെ കുരുക്ക് മുറുകുകയാണ്. സഹകരണ ബാങ്കിലെ കോഴയിൽ അഞ്ച് കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് ബത്തേരി പൊലീസ് കേസെടുത്തത്. അതും പാർട്ടിക്ക് പ്രഹരമേൽപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് സിപിഎം. ഇന്നലെ ബത്തേരിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ച് പ്രതിഷേധത്തിനു ആക്കം കൂട്ടി. ഐ.സി ബാലകൃഷ്ണൻ രാജി വെയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് സി.പി.എമ്മിന്റെ പ്രഖ്യാപനം. പ്രതിരോധം തീർക്കുമെന്ന് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.