വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്‍റെ ആത്മഹത്യയില്‍ കൂടുതൽ നടപടിക്കൊരുങ്ങി പൊലീസ്. ഡിസിസി പ്രസിഡന്റ്‌ എൻ.ഡി.അപ്പച്ചൻ, ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണനടക്കമുള്ള നേതാക്കൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയേക്കും. എൻ.എം വിജയൻ നേതാക്കൾക്കയച്ച കത്തിലും ആത്മഹത്യ കുറിപ്പിലും ഇരുവരുടെയും പേരുകളും പരാമർശിക്കപ്പെട്ടതോടെയാണ് പൊലീസ് നടപടി കടുപ്പിക്കുന്നത്. കത്തിൽ സൂചിപ്പിച്ച മറ്റു നേതാക്കൾക്കു നേരെയും നടപടിയുണ്ടാകും. പൊലീസ് ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയെന്നാണ് വിവരം. നേരത്തെ പൊലീസ് സ്വാഭാവിക മരണത്തിനാണ് കേസ് എടുത്തതെങ്കിലും ഇന്നലെ ആത്മഹത്യപ്രേരണ വകുപ്പ് കൂടി ചേർത്തിരുന്നു. 

പ്രതിപക്ഷ നേതാവിനെതിരെ കൂടി വിമർശനവുമായി എൻ.എം.വിജയന്റെ മകൻ രംഗത്തെത്തിയതോടെയാണ് പാർട്ടി കൂടുതൽ പ്രതിരോധത്തിലായത്. കുടുംബം കൂടുതൽ വിമർശനം ഉയർത്തിയാൽ പാർട്ടിയെ ഗുരുതരമായി ബാധിക്കുമെന്നുറപ്പിച്ചതോടെയാണ് കെ.പി.സി.സി അന്വേഷണസമിതി വേഗത്തിൽ എൻ.എം.വിജയന്റെ വീട്ടിലെത്തിയത്. ഏറെ നേരത്തേ ചർച്ചക്കൊടുവിൽ കുടുംബത്തെ അനുനയിപ്പിക്കാനായി. ആത്മഹത്യയിൽ നടപടി ഉണ്ടാകും എന്ന് കെപിസിസി ഉറപ്പു നൽകിയെന്നും മാധ്യമങ്ങൾക്ക് മുന്നിൽ ഇനി പ്രതികരിക്കാനില്ലെന്നും കുടുംബം അറിയിച്ചു. ഇതോടെ പാർട്ടിക്ക് നേരിയ തോതിലെങ്കിലും തലവേദനയൊഴിഞ്ഞെങ്കിലും മുന്നിലെ പ്രതിസന്ധിക്ക് കുറവുണ്ടാവുന്നില്ല.

എൻ.എം വിജയന്റെ കത്ത് പരിശോധിച്ചതിലൂടെയാണ് ആത്മഹത്യ പ്രേരണ കൂടി ചുമത്തിയത്. കത്തിൽ പരാമർശിക്കപ്പെട്ട എൻ.ഡി അപ്പച്ചൻ, ഐ.സി ബാലകൃഷ്ണനടക്കമുള്ളവരെ പ്രതി ചേർക്കാനിടയുണ്ട്. അങ്ങനെയെങ്കിൽ കുരുക്ക് മുറുകും. സഹകരണ ബാങ്കിലെ കോഴയിൽ അഞ്ച് കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് ബത്തേരി പൊലീസ് കേസെടുത്തത്. അതും പാർട്ടിക്ക് പ്രഹരമേൽപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് സിപിഎം. ഇന്നലെ ബത്തേരിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ച് പ്രതിഷേധത്തിനു ആക്കം കൂട്ടി. ഐ.സി ബാലകൃഷ്ണൻ രാജി വെയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് സി.പി.എമ്മിന്റെ പ്രഖ്യാപനം. പ്രതിരോധം തീർക്കുമെന്ന് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Wayanad DCC Treasurer N.M. Vijayan's suicide case takes a serious turn as police consider abetment charges against DCC President N.D. Appachan and MLA I.C. Balakrishnan, based on his letters and suicide note.