ലൈംഗികാധിക്ഷേപ കേസിൽ ജാമ്യം നിഷേധിച്ചതോടെ കോടതിമുറിയില്‍ തലകറങ്ങി വീണ് ബോബി ചെമ്മണ്ണൂര്‍. കേസില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി ഉത്തരവിട്ടതോടെയാണ് ബോബിക്ക് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ബോബിയെ റിമാന്‍ഡ് ചെയ്തത് . തുടര്‍ന്ന് ബോബിയെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഹണി റോസ് ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂർ കോടതിയിൽ ഉന്നയിച്ച പ്രധാന വാദം. താൻ പൊതുവേദിയിൽ നല്ല രീതിയിൽ ഉപയോഗിച്ച വാക്കുകൾ ഹണി റോസ് തെറ്റിദ്ധരിച്ചതാണെന്നും ബോബി കോടതിയിൽ വാദിച്ചു. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ബോബിയെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇന്ന് 12 മണിയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി. ബോബിക്കായി മുതിർന്ന അഭിഭാഷകൻ രാമൻപിള്ള കോടതിയിൽ ഹാജരായി. ഹണി റോസിന്‍റെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.