ധരിക്കുന്ന വസ്ത്രത്തിന്‍റെയും ശരീരത്തിന്‍റെയും പേരില്‍ ഇത്രയേറെ സൈബര്‍ അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന മറ്റൊരാളുണ്ടാകില്ല എന്ന് നടി ഹണി റോസ്. വിമര്‍ശിക്കുന്നതില്‍ തെറ്റില്ല, പക്ഷേ ആളുകള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ മാന്യമായിട്ടുള്ളതാകണം എന്നാണ് ഹണി റോസ് പറയുന്നത്. മുന്‍പ് സ്ലീവ്‌ലെസ് വസ്ത്രം ധരിക്കാന്‍ പോലും നാണക്കേട് തോന്നിയിരുന്ന പെണ്‍കുട്ടിയില്‍ നിന്നാണ് ഇപ്പോഴുള്ള മാറ്റം, അത് വ്യക്തമായി കാര്യങ്ങളെ മനസ്സിലാക്കിയതു കൊണ്ടാണെന്നും താരം. മനോരമന്യൂസ് നേരേ ചൊവ്വേയിലാണ് ഹണി മനസ്സുതുറന്നത്.
‘ആദ്യം സ്ലീവ്‌ലെസ് ഇടുമ്പോള്‍ നാണക്കേട് തോന്നിയിരുന്നു. പിന്നീടാണ് ഈ വസ്ത്രം ധരിച്ചതുകൊണ്ട് ഒന്നും ഇവിടെ സംഭവിക്കാന്‍ പോകുന്നില്ല എന്ന വസ്തുത മനസ്സിലാക്കിയത്. അത് ആളുകള്‍ പതിയെ മനസ്സിലാക്കിയെടുക്കുന്ന കാര്യമാണ്. പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയില്‍ നിന്ന് ഇപ്പോഴുള്ള മാറ്റവും തിരിച്ചറിവുമാണത്. സൗകര്യപ്രദമായ, ആത്മവിശ്വാസം തോന്നുന്ന വസ്ത്രം ധരിക്കുന്നതില്‍ എന്താണ് തെറ്റ്?.
വസ്ത്രം വച്ച് ഒരാളുടെ സ്വഭാവം മനസ്സിലാക്കാന്‍ കഴിയില്ല. ആളുകള്‍ക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്ക് നന്നായി അറിയാം. അത് ധാരാളം പൊതു പരിപാടികളില്‍ പങ്കെടുക്കുന്നത് കൊണ്ടുകൂടിയാണ്. ഞാന്‍ വെറുതെ വീട്ടിലിരുന്നാല്‍ ആര്‍ക്കും ഒരു പ്രശ്നമല്ല. എന്നെ ആരും അന്വേഷിക്കില്ല. പക്ഷേ പൊതുവിടങ്ങളില്‍ സജീവമാകുമ്പോള്‍ ആളുകള്‍ പല തരം ചര്‍ച്ചകളിലേക്ക് കടക്കും. അത് വസ്ത്രത്തിന്‍റെയും ശരീരത്തിന്‍റെയും പേരിലാകുന്നത് വിഷമമുണ്ടാക്കുന്നുണ്ട്.
ഉദ്ഘാടനത്തിന് പോകുന്നതിനെ വിമര്‍ശിക്കുന്നവരുണ്ട്. പക്ഷേ അതും പരസ്യമാണ് എന്ന് മനസ്സിലാക്കണം. ആ പരിപാടികളില്‍ പോകുമ്പോള്‍ ചിലര്‍ ഡ്രസ് കോഡ് പറയും. ചിലര്‍ വസ്ത്രങ്ങള്‍ തരാറുമുണ്ട്. വെസ്റ്റേണ്‍ സ്റ്റൈല്‍ വസ്ത്രങ്ങള്‍ ധരിക്കാനിഷ്ടമാണ്. ചില ഫാഷന്‍ പരീക്ഷണങ്ങളും നടത്താറുണ്ട്’ എന്ന് ഹണി റോസ് പറയുന്നു.