കലൂരിലെ നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനിടെ വീണ് പരുക്കേറ്റ ഉമതോമസ് എംഎല്‍എയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ഐസിയുവില്‍ നിന്ന് ഉടന്‍ മുറിയിലേക്ക് മാറ്റുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതിനിടെ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയുടെ സംഘാടകര്‍ നികുതിയടച്ചോ എന്നതില്‍ ഉള്‍പ്പടെ ജി.എസ്.ടി വകുപ്പ് പരിശോധന നടത്തി.
ശനിയാഴ്ച്ചയാണ് ഉമതോമസ് എംഎല്‍എയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയത്. തലച്ചോറിന്റെ പ്രവർത്തനങ്ങള്‍ ഏറെ മെച്ചപ്പെട്ടു. അണുബാധ ഒഴിവാക്കാൻ പക്ഷെ സന്ദർശകരെ അനുവദിക്കില്ല.
ഇതിനിടെയാണ് ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടന്ന കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സംഘാടകരുടെ ഓഫീസുകളിലും വീടുകളിലും ജി.എസ്.ടി ഇന്‍റലിജന്‍സ് വിഭാഗം പരിശോധന നടത്തിയത്. വയനാട്ടിലെ മൃദംഗവിഷന്‍, തൃശൂരിലെ ഓസ്കര്‍ ഇവന്‍റ്സ്, കൊച്ചിയിലെ ഇവന്‍റ്സ് ഇന്ത്യ ഓഫീസുകളിലായിരുന്നു പരിശോധന. സ്ഥാപനങ്ങളുടെ ജി.എസ്.ടി റജിസ്ട്രേഷനും നികുതിയടച്ചതും ആയി ബന്ധപ്പെട്ട രേഖകളാണ് പരിശോധിച്ചത്. കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നിന്നുള്ള ജി.എസ്.ടി ഇന്‍റലിജന്‍സ് സംഘങ്ങളാണ് പരിശോധന നടത്തിയത്.