TOPICS COVERED

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ അനില്‍ അംബാനിയുടെ കമ്പനിയില്‍ നിക്ഷേപം നടത്തിയതില്‍ ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ്. ഫെഡറല്‍ ബാങ്കില്‍ കരുതല്‍ നിക്ഷേപമായി ഉണ്ടായിരുന്ന 61 കോടി രൂപയാണ് വെറും 0.2 ശതമാനം അധിക പലിശയ്ക്ക് അംബാനിയുടെ കമ്പനിയില്‍ നിക്ഷേപിച്ചത്.  കെ.എഫ്.സി ബോഡിലുണ്ടായിരുന്ന ചില പാര്‍ട്ടി ബന്ധുക്കള്‍ക്ക് കമ്മീഷനടിക്കാനാണ് ഇത് ചെയ്തത്.  മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്‍റെ അറിവോടോയാണ് ഇടപാടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

 പുതിയ രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് ആരോപണം കടുപ്പിക്കുന്നത്. ഫെഡറല്‍ ബാങ്കില്‍ കെ.എഫ്.സിക്ക് 61 കോടി രൂപയുടെ സ്ഥിരം നിക്ഷേപമുണ്ടായിരുന്നു. 8.69 ശതമാനം പലിശയ്ക്ക് 2022 ഏപ്രില്‍ വരെ കരുതല്‍ ധനമായിട്ടായിരുന്നു നിക്ഷേപം. ഈ തുകയാണ് 8.9 ശതമാനം പലിശയ്ക്ക് റിലയന്‍സ് കൊമേഴ്ഷ്യല്‍ ഫിനാന്‍സ് ലിമിറ്റഡില്‍ നിക്ഷേപിച്ചത്. ഫെഡറല്‍ ബാങ്കില്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാക്കിരുന്നെങ്കില്‍ 109 കോടി രൂപ കെ.എഫ്.സിക്ക് കിട്ടും. അബാനിയുടെ കമ്പനിയില്‍ നിക്ഷേപ  കാലാവധി പൂര്‍ത്തിയായാല്‍ 110 കോടിയും. വെറും ഒരു കോടി രൂപയുടെ അധിക ലാഭം പറഞ്ഞാണ് ഒരു സെക്യൂരിറ്റിയുമില്ലാത്ത മുങ്ങിക്കൊണ്ടിരിക്കുന്ന അംബാനിയുടെ കമ്പനിയില്‍ നിക്ഷേപിച്ച് പണം നഷ്ടപ്പെടുത്തിയതെന്നും പ്രതിപക്ഷ നേതാവ്. 

അനില്‍ അംബാനിയുടെ ആര്‍.സി.എഫ്.എല്‍ കമ്പനി 2018 ഏപ്രില്‍ 20ന് ഇറക്കിയ കടപത്രത്തിന്‍റെ ഇന്‍ഫര്‍മേഷന്‍ മെമ്മോറാണ്ടത്തില്‍ തന്നെ നിക്ഷേപം നടത്തുന്നതിന്‍റെ റിസ്ക് വ്യക്തമാക്കുന്നുണ്ട്. സെബിയുടെയോ റിസര്‍വ്വ് ബാങ്കിന്‍റെയോ അംഗീകാരം ഇല്ലാത്ത എന്‍.സി.ഡി ആണെന്നും നിക്ഷേപം നടത്തുന്നവര്‍ മുഴുവന്‍ തുകയും നഷ്ടപ്പെടാനുള്ള റിസ്ക് കൂടിയാണ് എടുക്കുന്നതെന്നും ഇതില്‍ പറയുന്നു. ഇതെല്ലാം അവഗണിച്ചാണ് കെ.എഫ്.സി നിക്ഷേപം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

ENGLISH SUMMARY:

VD Satheesan alegation on Kerala Financial Corporation's investment in Anil Ambani's company