സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. സാധാരണക്കാര്‍ക്കില്ലാത്ത ഒരു പരിഗണനയും ഈ കേസിലും ഇല്ലെന്ന് കോടതി പറഞ്ഞു. പൊതുഇടങ്ങളില്‍ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. കുറ്റകൃത്യം ഇനി ആവര്‍ത്തിക്കില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്‍റെ വിശദീകരണം. ബോബിയുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടി. ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.

ഹണിറോസിനെ തനിക്ക് 20 വര്‍ഷത്തോളമായി അറിയാമെന്നും പരാതി തന്നെ ഞെട്ടിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തുവെന്നുമാണ് ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷയില്‍ വാദിച്ചത്. തന്‍റെ മൂന്ന് ജ്വല്ലറി ഷോപ്പുകള്‍ ഉദ്ഘാടനം ചെയ്തത് പരാതിക്കാരിയാണ്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പരാതി നല്‍കിയത് സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. നിയമവിരുദ്ധമായാണ് തന്നെ പൊലീസ് വയനാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. യൂണിഫോമില്‍ അല്ലാതെ എത്തിയ ആളുകള്‍ തടഞ്ഞുവച്ചുവെന്നും 24 മണിക്കൂറിലധികം സമയം നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വച്ചുവെന്നും ബോബി അവകാശപ്പെട്ടു.

ENGLISH SUMMARY:

Boby Chemmanur's bail application is scheduled to be heard on Tuesday. The High Court has warned Boby Chemmanur to exercise caution while making public comments.