വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരണത്തിൽ പ്രതിചേ‍ർക്കപ്പെട്ടതിന് പിന്നാലെ താന്‍ ഒളിവില്‍ പോയെന്ന വാര്‍ത്ത നിഷേധിച്ച് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. സ്വകാര്യ ആവശ്യത്തിനായി കര്‍ണാടകയില്‍ വന്നതാണ്.  ഒട്ടും ഭയമില്ലെന്നും പിന്നില്‍ തന്റെ ജനകീയത കണ്ടുള്ള സി.പി.എമ്മിന്റെ നീക്കങ്ങളാണെന്നും ഐ.സി.ബാലകൃഷ്ണന്‍ പറ‍ഞ്ഞു. ഒളിച്ചോടില്ലെന്നും ഇന്നോ നാളെയോ മണ്ഡലത്തില്‍ എത്തുമെന്നും എം.എല്‍.എ പ്രതികരിച്ചു.

അതേസമയം, വയനാട് ഡിസിസിസി മുൻ ട്രഷറർ എൻ.എം. വിജയന്റെ  ആത്മഹത്യയിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി. സുൽത്താൻ ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണൻ, വയനാട് ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ എന്നിവരുടെ അറസ്റ്റാണ് ഈ മാസം 15 വരെ പ്രിന്‍സിപ്പല്‍  സെഷൻസ് കോടതി തടഞ്ഞത്. കേസ് ഡയറി ഹാജരാക്കാനും പൊലീസിന് കോടതി നിർദേശം നൽകി

ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയ പൊലീസ് അറസ്റ്റ് നടപടികള്‍ വേഗത്തിലാക്കുന്നതിനിടെയാണ് കോടതിയുടെ  ഇടപെടല്‍. ഇരുവരും നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത ബുധനാഴ്ച വരെ അറസ്റ്റ് തടയുകയായിരുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ബുധനാഴ്ച വിശദമായ വാദം കേള്‍ക്കും. ഇതിന് മുമ്പായി കേസ് ഡയറി ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.  ഐ സി  ബാലകൃഷ്ണനും അപ്പച്ചനും കെ പി സിസി യോഗത്തില്‍ പങ്കെടുക്കാന്‍  ബുധനാഴ്ച തിരുവനന്തപുരത്തേക്ക് പോയെങ്കിലും ഇന്നലത്തെ  യോഗത്തില്‍ ഇരുവരും പങ്കെടുത്തിട്ടില്ല. 

ഇതിനിടെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് സിപി എമ്മിന്റ നീക്കം. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പങ്കെടുപ്പിച്ച് പ്രതിഷേധ സംഗമം നടത്തുന്നതിന് പുറമെ മനുഷ്യചങ്ങല അടക്കമുള്ളവ ആലോചിക്കുന്നുണ്ട്. ഐ സി ബാലകൃഷണന്‍ എം എല്‍ എ സ്ഥാനം ഒഴിയണമെന്നും എല്‍ ഡി.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയന്റെ കുടുംബത്തെ നേരിട്ട് കണ്ട് പരാതി പരിഹരിക്കാനുള്ള  കെ പി സി സി അന്വേഷണസമിതിയുടെ നീക്കം ഒരുവശത്ത് ഫലം കണ്ടപ്പോഴാണ് മറുവശത്ത് പൊലീസ് കുരുക്ക് മുറുക്കിയത്.

ENGLISH SUMMARY:

N.M. Vijayan's death: I.C. Balakrishnan says he did not go into hiding