TOPICS COVERED

മകരവിളക്കടുക്കുമ്പോൾ ശബരിമല പൂങ്കാവനത്തിലെ രാത്രികളിൽ എങ്ങും ശരണമന്ത്രങ്ങൾ നിറയുകയാണ്. ആയിരക്കണക്കിന് തീർഥാടകരാണു വനപ്രദേശത്ത് വിരിവച്ച് മകരവിളക്ക് കാത്ത് കഴിയുന്നത്. രാത്രിയായാൽ സംഘങ്ങളുടെ ഭജനതുടങ്ങും. സന്നിധാനത്തെ രാത്രിക്കാഴ്ച.

വനത്തിനരികിൽ കല്ലും,മുള്ളും നിറഞ്ഞ നിറഞ്ഞ നിലത്ത് ചാക്കോ തുണിയോ വിരിച്ചാണ് കിടപ്പ്. കൊടും വനത്തിലെ പാമ്പുകളേയും കാട്ടുമൃഗങ്ങളേയും ഭയമില്ല.എല്ലാം അയ്യൻ കാക്കുമെന്നുറപ്പിച്ചാണു കുഞ്ഞുങ്ങളും പ്രായമേറിയ മാളികപ്പുറങ്ങളും അടക്കമുള്ള സംഘം വിരിവച്ചിരിക്കുന്നത്.ഏറെ പരിമിതമാണു സൗകര്യങ്ങൾ.പക്ഷേ അയ്യനെക്കാണാനുള്ള ആഗ്രഹത്തിനുമുന്നിൽ മറ്റൊന്നും തടസ്സമല്ല.കന്നി അയ്യപ്പൻമാർ മുതൽ കാലങ്ങളായി കരിമല കയറിയെത്തുന്ന ഗുരുസ്വാമിമാർ വരെ കാത്തിരിപ്പിലാണ്. മഴയായാലും വെയിലായാലും മകരവിളക്ക് വരെ തലചായ്ക്കാൻ ഒരിടം മതി. രാത്രി മഞ്ഞത്ത് വിളക്ക് വച്ച് അയ്യപ്പഭജനയുമായി സംഘം വട്ടമിട്ടിരിക്കും.

പുല്ലുമേടും കടന്ന് വനത്തിലൂടെ സന്നിധാനത്തേക്ക് തീർഥാടകരുടെ ഒഴുക്ക് തുടരുകയാണ്.ദിവസങ്ങൾക്കു മുൻപ് യാത്ര തുടങ്ങിയവരാണ് പലരും. നാളെ രാവിലെയോടെ സന്നിധാനം നിറഞ്ഞുകവിയും.തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്കടുക്കുമ്പോൾ പൊന്നമ്പലമേട് കാണാനാവുന്നിടത്തെല്ലാം ഭക്തർ നിറയും. പൊന്നമ്പലമേടുപോലെയാണു മനസ്സും. അതിൽത്തെളിയുന്ന ജ്യോതിയാണു തത്ത്വമസിയായ സ്വാമി. ഗുരുസ്വാമിയായാലും കന്നി അയ്യപ്പനോ മാളികപ്പുറമോ ആയാലും ഉൾത്തുടിപ്പ് ഒരുപോലെയാണ്. ഒരുനോക്ക് കണ്ടാൽമതി, മനംനിറച്ച് മലയിറങ്ങാം.

ENGLISH SUMMARY:

Thousands of pilgrims line the forest area of ​​Sabarimala, waiting for Makaravilakku