സംസ്ഥാനത്തെ ഹിൽ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കുന്നത് വിലക്കണമെന്ന് ഹൈക്കോടതി. വഴിയോര കച്ചവട ശാലകൾക്ക് ലൈസൻസ് നൽകുന്നതിന് കർശന വ്യവസ്ഥകൾ ആലോചിക്കണമെന്നും കോടതി നിർദേശിച്ചു. സംസ്ഥാനത്ത് അര ലീറ്ററിൽ താഴെയുള്ള കുപ്പി വെള്ളം നിരോധിക്കുന്നത് പരിഗണനയിലുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് സംസ്ഥാനത്തെ ഹിൽ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് കർശന നിയന്ത്രണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ഹിൽ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കുന്നത് വിലക്കണം. ഇക്കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്നും ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സംസ്ഥാനത്ത് അര ലീറ്ററിൽ താഴെയുള്ള കുപ്പി വെള്ളം നിരോധിക്കുന്നത് പരിഗണനയിലുണ്ടെന്ന് സർക്കാർ അറിയിച്ചു.
തമിഴ്നാട്ടിൽ ചെറിയ കുപ്പികൾ നിരോധിക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നുണ്ടെന്ന് കോടതി പറഞ്ഞു. കേരളത്തിലെ ഹിൽ സ്റ്റേഷനുകളിലും സമാന നിയന്ത്രണം വേണമെന്നാണ് കോടതി നിർദേശിച്ചത്. സൽക്കാരങ്ങളിൽ ഓഡിറ്റോറിയങ്ങളുടെ ഭാഗത്തുനിന്നുള്ള മാലിന്യസംസ്കരണം ഉറപ്പാക്കുമെന്നും ഓൺലൈനിലൂടെ ഹാജരായ തദ്ദേശവകുപ്പ് സ്പെഷൽ സെക്രട്ടറി അറിയിച്ചു. വഴിയോര ഭക്ഷണ ശാലകൾ കാനയിലേക്ക് മാലിന്യം തള്ളുന്നത് തുടരുകയാണെന്ന് കോടതി പറഞ്ഞു. ഇവർക്ക് ലൈസൻസ് നൽകുന്നതിന് കർശന വ്യവസ്ഥകൾ ആലോചിക്കണമെന്നും കോടതി നിർദേശിച്ചു. വിഷയം ഈ മാസം 14ന് കോടതി വീണ്ടും പരിഗണിക്കും.