തൃശൂര്‍ പീച്ചി ഡാമിന്‍റെ റിസര്‍വോയറില്‍ കാല്‍വഴുതി വീണ നാലു പെണ്‍കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പക്ഷേ, മൂന്നു പെണ്‍കുട്ടികളും അതീവ ഗുരുതരാവസ്ഥയില്‍. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് തുടര്‍ചികില്‍സ.
പീച്ചി പള്ളിയിലെ തിരുന്നാളിന് സുഹൃത്തിന്‍റെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ഥിനികളായ മൂന്നു പേര്‍. പട്ടിക്കാട് സ്വദേശികളും വിദ്യാര്‍ഥിനികളുമായ ആന്‍ ഗ്രേയ്സ്, അലീന, എറിന്‍ എന്നിവര്‍ പീച്ചി സ്വദേശിനിയായ പതിനൊന്നു വയസുകാരി നിമയുടെ വീട്ടിലേയ്ക്കാണ് വന്നത്. തിരുന്നാള്‍ ദിനത്തിലെ ഉച്ചഭക്ഷണത്തിനു ശേഷം റിസര്‍വോയര്‍ കാണാന്‍ വേണ്ടി പുറത്തിറങ്ങി. നിമയുടെ വീടിനടത്തുതന്നെയാണ് ഡാം റിസര്‍വോയര്‍. പെണ്‍കുട്ടികള്‍ നിന്നിരുന്ന ഭാഗത്ത് ചെളിയായിരുന്നു. വഴുതി റിസര്‍വോയറിലേക്ക് വീണു. നീന്തല്‍ അറിയില്ലായിരുന്നു. നിലവിളി കേട്ട നാട്ടുകാര്‍ ഓടിയെത്തി. സമീപത്തെ താമസക്കാരന്‍ കൂടിയായ മുങ്ങല്‍ വിദഗ്ധന്‍ മെജോയ് കുര്യന്‍ ഓടിയെത്തിയാണ് മുങ്ങിയ കുട്ടികളെ പുറത്തെടുത്തത്. ഉടനെ, പ്രാഥമിക ശുശ്രൂഷയായ സി.പി.ആര്‍. നല്‍കി.
പതിനഞ്ചു മിനിറ്റു കൊണ്ട് ആംബുലന്‍സില്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. നിമയൊഴികെ, മറ്റു മൂന്നു കുട്ടികളും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വിവരമറിഞ്ഞ് സ്ഥലം എം.എല്‍.എ. കൂടിയായ റവന്യൂമന്ത്രി കെ.രാജന്‍ എത്തി. ആന്‍ ഗ്രേയ്സിനേയും അലീനയേയും എറിനേയും ക്രിട്ടിക്കല്‍ ഐ.സിയുവിലേയ്ക്കു മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പീച്ചി ഡാമിന്‍റെ റിസര്‍വോയറിന്‍റെ രണ്ടു വശവും ചെങ്കുത്തായി താഴ്ന്ന പ്രദേശങ്ങളാണ്. വെള്ളത്തിലിറങ്ങുന്നവര്‍ സൂക്ഷിച്ചില്ലെങ്കില്‍ അപകടം ഉറപ്പാണ്.