ഏകീകൃത കുര്‍ബാനയില്‍ പിന്നോട്ടില്ലെന്ന നിലപാട് വ്യക്തമാക്കി എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രൊപ്പൊലീത്തന്‍ വികാരിയായി ചുമതലയേറ്റെടുത്ത മാര്‍ ജോസഫ് പാംപ്ലാനി. മാര്‍പാപ്പ പറയുന്നതാണ് അന്തിമവാക്ക്, അതനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അതിരൂപതയെ കേള്‍ക്കാന്‍ സിനഡ് ആഗ്രഹിക്കുന്നതായും മുന്‍ ധാരണകളില്ലാതെ ചര്‍ച്ചകള്‍ക്ക് തയാറാണ്.
അതേസമയം കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും മാര്‍ പാംപ്ലാനി പറഞ്ഞു. അതിരൂപത ആസ്ഥാനത്തെത്തി ചുമതലയേറ്റെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശേരി ബിഷപ്പായ മാര്‍ ജോസഫ് പാംപ്ലാനിക്ക് അതിരൂപയുടെ വികാരി എന്ന ചുമതല നല്‍കിക്കൊണ്ടുള്ള സിനഡ് തീരുമാനം മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അറിയിച്ചു.
ഏല്‍പിച്ച ചുമതല വിശ്വസ്തതയോടെ നിര്‍വഹിച്ചതായി അപ്പസ്തോലിക് അഡ്മിനിസ്ട്രേര്‍ സ്ഥാനമൊഴിഞ്ഞ മാര്‍ ബോസ്കോ പുത്തൂര്‍ പ്രതികരിച്ചു. പ്രശ്നപരിഹാരത്തിന് കളക്ടറുടെ അധ്യക്ഷതയിലുള്ള യോഗം വൈകിട്ട് നടക്കും.