പഞ്ചാരിമേളത്തില്‍ കൊട്ടിക്കയറി കണ്ണൂര്‍ പയ്യന്നൂരിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍. വെല്ലുവിളികളെ എതിര്‍ത്തുതോല്‍പ്പിച്ചാണ് 14 കുട്ടികളുടെ അരങ്ങേറ്റം. കണ്ടുനിന്നവര്‍ക്ക് ഒരു മേളപ്പെരുപ്പം തന്നെ നല്‍കിയാണ് കുട്ടികള്‍ കൊട്ട് അവസാനിപ്പിച്ചത്.
ജീവിതത്തിലെ വേദനകള്‍ അവര്‍ മറന്നു.. വിധിയോട് മല്ലിട്ട് പരിശീലിച്ചു. ഒടുക്കം ആ ദിവസമെത്തി.. അരങ്ങേറ്റം പരിമിതിയ്ക്ക് മുകളിലാണ് വിദ്യാര്‍ഥികള്‍ ഓരോരുത്തരും കൊട്ടിക്കയറിയത്. പയ്യന്നൂര്‍ എംആര്‍സിഡിയിലെ പതിനാല് പേര്‍ നിരന്നുനിന്ന് പഞ്ചാരി അഞ്ചാം കാലമാണ് കൊട്ടിയാടിയത്. 20 മിനുട്ടിലധികം നീണ്ട മേളപ്പെരുപ്പം ആസ്വാദകരുടെ മനം നിറച്ചു.
വാദ്യാചാര്യന്‍ സുധി പയ്യന്നൂരാണ് പരിശീലകന്‍. താളവും മേളവും കുട്ടികള്‍ ആസ്വദിക്കുന്നത് കണ്ടാണ് പരിശീലനം നല്‍കിത്തുടങ്ങിയത്. പരിമിതികളോട് പൊരുതി ജയിച്ച കുട്ടികളുടെ സന്തോഷത്തിന് പിന്നില്‍ ടീച്ചര്‍മാരുടെ അധ്വാനവുമുണ്ടായിരുന്നു. ഓരോ കൊട്ടും ചെണ്ടയ്ക്ക് മുകളില്‍ വീഴുമ്പോള്‍ അതവരുടെ വിജയം കൂടിയായി മാറുന്നുണ്ടായിരുന്നു. പഞ്ചാരിമേളത്തില്‍ കഴിവുതെളിയിച്ച ഈ കുട്ടികള്‍ ചില്ലറക്കാരല്ല. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരെ സ്കൂള്‍ വാര്‍ഷികത്തിന് ബാന്‍ഡ് മേളത്തിന്‍റെ അകമ്പടിയോടെ ആനയിച്ചവര്‍ കൂടിയാണ്. കുട്ടികളെ പഞ്ചാരിമേളം പരിശീലിപ്പിക്കണമെന്നത് അദ്ദേഹത്തിന്‍റെ തീരുമാനമായിരുന്നു.