കണ്ണൂരില്‍ പനിയ്ക്കുള്ള മരുന്ന് മാറി നല്‍കി എട്ടുമാസമായ കുഞ്ഞ് ഗുരുതരാവസ്ഥയില്‍. പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍സില്‍ നിന്ന് സിറപ്പിന് പകരം നല്‍കിയ തുള്ളിമരുന്ന് നല്‍കിയതാണ് പ്രശ്നമായത്. ഫാര്‍മസിയുടെ വീഴ്ച ചോദിക്കാന്‍ ചെന്നപ്പോള്‍ കേസ് കൊടുക്കാന്‍ പറഞ്ഞ് അവഗണിച്ചെന്ന് പിതാവ് സമീര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരമായി തുടര്‍ന്നാല്‍ കരള്‍ മാറ്റിവെക്കുകയല്ലാതെ ജീവന്‍ രക്ഷിക്കാന്‍ മാര്‍ഗമില്ല.
കഴിഞ്ഞ ശനിയാഴ്ച പഴയങ്ങാടിയിലെ ഡോക്ടര്‍ താഹിറ കുറിച്ചുനല്‍കിയത് കാല്‍പോളോ സിറപ്പ്.. ഖദീജ മെഡിക്കല്‍സില്‍ നിന്ന് കൊടുത്തത് കാല്‍പോളോ തുള്ളിമരുന്ന്.. കുറിപ്പടിയും മരുന്നുബില്ലും ഇത് തെളിയിക്കുന്നു. ഒറ്റ ദിവസം കൊണ്ട് മരുന്ന് തീര്‍ന്നു. ഡോക്ടറോട് സംസാരിച്ചപ്പോഴാണ് മരുന്ന് മാറിയത് മനസിലായത്. ലാബില്‍ ടെസ്റ്റ് ചെയ്തപ്പോള്‍ കരളിനെ ബാധിച്ചെന്ന് മനസിലായി. ഫാര്‍മിസിയുടെ വീഴ്ചയാണെന്നും ചോദിക്കാന്‍ ചെന്നപ്പോള്‍ കേസുകൊടുക്കാന്‍ ഉടമ പറഞ്ഞെന്നും ആരോപണം.
Read Also: ‘എന്‍റെ കുഞ്ഞ് ഗുരുതരാവസ്ഥയിലാണ്, ‘എന്നാ പോയി കേസ് കൊട്’ എന്നാണ് അവര്‍ പറയുന്നത്
കുടുബത്തിന്‍റെ പരാതിയില്‍ ഖദീജ ഫാര്‍മസിക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. അതേസമയം, കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. ഇന്നലെ നടത്തിയ രക്തപരിശോധനയില്‍ നേരിയ പുരോഗതിയുണ്ട്. ഇന്ന് വീണ്ടും പരിശോധിക്കും. നില വീണ്ടും വഷളായാല്‍ കരള്‍ മാറ്റിവെക്കലല്ലാതെ പോംവഴിയില്ലെന്ന് ഡോക്ടര്‍
സമീറിന്‍റെ നാലാമത്തെ കുട്ടിയാണ് 8 മാസം പ്രായമുള്ള ആണ്‍കുഞ്ഞ്. കരള്‍ മാറ്റിവെയ്ക്കേണ്ടി വന്നാലുണ്ടാകുന്ന അവസ്ഥയോര്‍ത്ത് ആശങ്കയിലാണ് ഹോട്ടല്‍ ജീവനക്കാരനായ സമീറിന്‍റെ കുടുംബം. ഇതിനിടെ പഴയങ്ങാടി ഖദീജ മെഡിക്കല്‍സില്‍ ആരോഗ്യവകുപ്പിന്‍റെ പരിശോധന നടത്തി