kannur-fish

TOPICS COVERED

  • കുളം വൃത്തിയാക്കുന്നതിനിടെ മീൻ കൊത്തി
  • അണുബാധ ശരീരത്തിലേക്ക്
  • യുവാവിന്‍റെ വലത് കൈപ്പത്തി മുറിച്ചുമാറ്റി

കുളം വൃത്തിയാക്കുന്നതിനിടെ മീൻ കൊത്തിയുണ്ടായ അണുബാധയെ തുടർന്ന് യുവാവിന്‍റെ കൈപ്പത്തി മുറിച്ചുമാറ്റി. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം. കോശങ്ങളെ കാർന്നുതിന്നുന്ന അപൂർവ ബാക്ടീരിയ ശരീരത്തിലെത്തിയതിനെ തുടര്‍ന്നാണ് കൈപ്പത്തി മുറിച്ചുമാറ്റിയത്. ഒരു മാസം മുമ്പാണ് മാടപ്പീടികയിലെ രജീഷിന്‍റെ കൈയിൽ മീൻ കൊത്തി മുറിവുണ്ടായത്. വീടിനോട് ചേർന്ന് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെയാണ് ക്ഷീര കർഷകനായ രജീഷിനെ മീൻ കൊത്തിയതും അണുബാധയുണ്ടായതും. ഫെബ്രുവരി ആദ്യ ആഴ്ചയായിരുന്നു സംഭവം.

കടു എന്ന മീനാണ് കുത്തിയതെന്ന് രജീഷ് പറയുന്നു. വിരൽത്തുമ്പിൽ ചെറിയ മുറിവായിരുന്നു ആദ്യം. കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവെപ്പുമെടുത്തു. പിന്നീട് കൈ മടങ്ങാതെ വന്നതോടെയാണ് ആശുപത്രിയിൽ പ്രവേശിച്ചത്. മാഹിയിലെ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റി. അവിടെയെത്തിയപ്പോഴാണ് ഗുരുതരാവസ്ഥ വ്യക്തമായതെന്നും രജീഷ് പറയുന്നു. ഗ്യാസ് ഗാൻഗ്രീൻ എന്ന ബാക്ടീരിയൽ അണുബാധയാണ് ബാധിച്ചത്. ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്നതാണ് ഈ അണുബാധ. വിരലുകളിൽ നിന്ന് കൈപ്പത്തിയിലേക്ക് പടർന്നിരുന്നു. അതിവേഗം കോശങ്ങളെ ഇല്ലാതാക്കുന്നതിനാൽ മുറിച്ചുമാറ്റാതെ രക്ഷയുണ്ടായില്ല. തലച്ചോറിനെ ബാധിക്കുമെന്നതിനാലാണ് കൈപ്പത്തി മുറിച്ചുമാറ്റാൻ ഡോക്ടർമാർ നിർദേശിച്ചത്. 

ENGLISH SUMMARY:

A young man suffered a severe infection after being bitten by a fish while cleaning a pond. As the infection worsened, doctors were forced to amputate his right hand to save his life