വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം. അമരക്കുനി സ്വദേശി കേശവന്‍റെ ആടിനെ കടുവ കൊന്നു. കണ്‍മുന്നില്‍ നിന്നാണ് ആടിനെ കടുവ കൊണ്ടുപോയതെന്ന് കേശവന്‍ പറഞ്ഞു. തിരച്ചില്‍ ഊര്‍ജ്ജിതമാക്കി, പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം. സ്ഥലത്ത് ഏഴ് ദിവസത്തിനിടെ കടുവ കൊന്നത് മൂന്ന് ആടുകളെയാണ്.
അതിനിടെ, വയനാട് പുൽപ്പള്ളി അമരക്കുനിയിലെ കടുവാ ദൗത്യം ഇന്ന് എട്ടുമണിയോടെ പുനരാരംഭിക്കും. കുങ്കികളായ വിക്രമിനെയും സുരേന്ദ്രനെയും ഉപയോഗിച്ചുള്ള തിരച്ചിലും രാവിലെ തുടങ്ങും. കഴിഞ്ഞദിവസം തിരച്ചിലിന് വനം വകുപ്പ് സംഘത്തിന് എത്താൻ പറ്റാത്ത സ്ഥലത്തായിരിക്കും ഇന്ന് കുങ്കികളെ വച്ചുള്ള തിരച്ചിൽ. ഇന്നലെ പത്തു മണിക്കൂറോളം തിരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്താനായിരുന്നില്ല.
കടുവ പ്രദേശത്തെ തോട്ടത്തിൽ തന്നെ തുടരുന്നുണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. മൂന്ന് കൂടുകളിൽ പുതിയ ഇരകളെ വെച്ച് പുനസ്ഥാപിച്ചിട്ടും കടുവയെ പിടികൂടാൻ ആവാത്തതിനാൽ ഇന്നത്തെ ദിവസം വനംവകുപ്പിന് നിർണായകമാണ്. 23 ക്യാമറകൾ പ്രദേശത്ത് സ്ഥാപിച്ചിട്ടും തെർമൽ ഡ്രോൺ പരിശോധന നടത്തിയിട്ടും കടുവയെ കണ്ടെത്താനാവാത്തത് ദൗത്യസംഘത്തിന് വെല്ലുവിളിയാകുന്നുണ്ട്.
എല്ലാ വർഷവും വന്യജീവി ആക്രമണമുണ്ടാകുന്നതോടെ കടുത്ത ആശങ്കയിലാണ് പുൽപ്പള്ളി അമരക്കുനിയിലെ പ്രദേശവാസികൾ. ഇത്തവണയെത്തിയ കടുവ ഒരാഴ്ചയായി സമീപത്തു തന്നെ നിലയുറപ്പിച്ചതോടെ ജോലിക്കു പോകാൻ പോലുമാവാതെ പ്രതിസന്ധിയിലാണ് നാട്ടുകാർ.
വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന ഗ്രാമമാണ് അമരക്കുനി. എല്ലാ കാലവും വന്യജീവി ആക്രമണമുണ്ടാകുന്ന ഇടം. ഇത്തവണയും മുറ തെറ്റാതെ കടുവയെത്തി, വളർത്തു മൃഗങ്ങളെ ആക്രമിച്ചു. ഏഴു ദിവസമായി കടുവ പ്രദേശത്ത് തുടരുകയാണ്. നെഞ്ചിടിപ്പിലാണ് പ്രദേശവാസികൾ
പലതവണ കടുവ വീടുകളിലെത്തി, ചിലരുടെ മുന്നിലും പ്രത്യക്ഷപ്പെട്ടു. ഇതോടെ പകൽ സമയം പോലും പുറത്തിറങ്ങാൻ ഭയമാണ്. ജോലിക്കു പോകാൻ പോലും പറ്റാത്ത ആശങ്ക
കഴിഞ്ഞ വർഷവും ഇതേ സമയം കടുവയെത്തിയിരുന്നു. വളർത്തു മൃഗങ്ങളെ ആക്രമിച്ചതോടെ വലിയ പ്രതിഷേധങ്ങൾക്ക് അന്ന് സാക്ഷിയായി. കടുവയെ പിടിക്കാൻ വനം വകുപ്പ് പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്. കൂട് വച്ചും കുങ്കികളെ ഉപയോഗിച്ചും കടുവയെ അകപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ പിടിതരാതെ കടുവ പ്രദേശത്ത് തന്നെ തുടരുന്നതിൽ നാട്ടുകാർക്ക് കടുത്ത ആശങ്കയുണ്ട്.