വയനാട്ടിൽ കാടിനുള്ളിൽ മൃഗങ്ങൾക്ക് വെള്ളം ഒരുക്കുന്ന വനപാലകരുടെ ദൗത്യം അവസാന ഘട്ടത്തിലെത്തി. കുളമൊരുക്കി കുടിവെള്ളവും ഭക്ഷണവും കാട്ടിൽ തന്നെ ലഭ്യമാക്കുന്നതോടെ കാടിറങ്ങുന്ന വന്യജീവികളുടെ എണ്ണം കുത്തനെ കുറക്കാനാകുമെന്നാണ് പ്രതീക്ഷ.
കടുത്ത വേനലിൽ വയനാട്ടെ കാടുണങ്ങിയിട്ടുണ്ട്, എന്നാലും വന്യജീവികൾക്ക് മിക്കയിടങ്ങളിലും ഇതുപോലെ കുടിവെള്ളം ലഭ്യമാണ്. വേനല്‍ തുടങ്ങിയത് മുതൽ വനപാലകരുടെ ദൗത്യത്തിന്റെ ഫലമാണിത്. ജലസ്രോതസുകളെല്ലാം വൃത്തിയാക്കി നിലനിര്‍ത്തി നീരൊഴുക്ക് പൂർവസ്ഥിതിയിലാക്കുന്ന കൂട്ടായ പ്രവർത്തനം. പുലര്‍ച്ചെ തുടങ്ങും ദൗത്യം. വനത്തിനുള്ളില്‍ ചെന്ന് ജലസംഭരണികളിലെ ചെളി വാരും. കാടുമൂടി കിടക്കുന്നവ വൃത്തിയാക്കി താല്‍കാലിക ബണ്ട് ഒരുക്കും. കല്ലും വടിയും വെച്ചാണ് ബണ്ട്. ചുറ്റും വന്യജീവികളുള്ളതിനാല്‍ അതീവ ജാഗ്രതയോടെയാണ് ദൗത്യം.
ഇരുളം ഫോറസ്റ്റ് ഓഫിസിലെ ജീവനക്കാരാണ് ചേനക്കൊല്ലി വനത്തില്‍ വെള്ളമൊരുക്കുന്നത്. കാട്ടാനയും കാട്ടുപോത്തും കടുവയുമടക്കം എല്ലാ വന്യജീവികളുമുള്ള മേഖലയാണിത്. വയനാട് ജില്ലയിലാകെ ബ്രഷ്‌വുഡ് നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഇരുളത്ത് വന്യജീവികള്‍ക്ക് പുല്ലൊരുക്കുന്ന നടപടിയും തുടങ്ങിയിട്ടുണ്ട്. വലിയ അധ്വാനമുള്ള ദൗത്യത്തിനൊടുവില്‍ വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് ഒരു വിധത്തിലെങ്കിലും തടയാനാകുമെന്നാണ് വനപാലകരുടെ പ്രതീക്ഷ.