ഉമ തോമസ് എം.എൽ.എയ്ക്ക് ഗുരുതരമായി പരുക്കേറ്റ കലൂർ സ്റ്റേഡിയത്തിലെ വിവാദ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥർക്കെതിരെ ജി.സി.ഡി.എ എടുത്ത നടപടിയിലും തട്ടിപ്പ്. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ സസ്പെൻഷൻ ജി.സി.ഡി.എ നടപ്പാക്കിയില്ല. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ എൻജിനിയറെ സസ്പെൻഡ് ചെയ്യാൻ ജനുവരി നാലിന് ചേർന്ന ജി.സി.ഡി.എ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. എന്നാൽ അസി. എക്സി. എൻജിനിയർ കഴിഞ്ഞദിവസം വരെ ജോലിക്കെത്തി ഒപ്പിട്ടു. അറ്റൻഡൻസ് രജിസ്റ്ററിന്‍റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. അതേസമയം, മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ അസിസ്റ്റൻ്റ് എക്സി. എൻജിനിയറുടെ സസ്പെൻഷൻ ഉത്തരവിറക്കി ജി.സി.ഡി.എയുടെ നടപടിയെത്തി.
അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർക്കെതിരെയുള്ള നടപടി മറന്ന ജി.സി.ഡി.എ നൃത്ത പരിപാടിയ്ക്ക് അനുമതി നൽകരുതെന്ന് പറഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. അതേസമയം അലോട്ട്മെൻ്റ് ഫയൽ രേഖകളുടെ കളർ കോപ്പി മാധ്യമങ്ങളിൽ വന്നു എന്ന കാരണം പറഞ്ഞ് എസ്റ്റേറ്റ് ഓഫീസർ, സൂപ്രണ്ടൻ്റ്, സീനിയർ ക്ലാർക്ക് എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.