മരിച്ചെന്ന് കരുതിയ വയോധികന് മോര്‍ച്ചറി വാതിലിന് മുന്നില്‍ ജീവന്‍റെ തുടിപ്പ്. കണ്ണൂര്‍ പാച്ചപ്പൊയ‍്‌ക സ്വദേശി പവിത്രനാണ് ബന്ധുക്കളെയും നാട്ടുകാരെയും ആശുപത്രി ജീവനക്കാരെയും ഞെട്ടിച്ച് കൈ അനക്കിയത്. കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍. ജീവനുണ്ടെന്ന് മനസിലായതോടെ ഉടന്‍ ഐസിയുവിലേക്ക് മാറ്റിയ പവിത്രന്‍ പിന്നീട് കണ്ണുതുറന്ന് ബന്ധുക്കളെ തിരിച്ചറിഞ്ഞു
Read Also: ഫ്രീസര്‍ തയ്യാറാക്കാന്‍ ബന്ധുക്കള്‍; മോര്‍ച്ചറിവാതില്‍ക്കല്‍വച്ച് മൃതദേഹത്തിന് അനക്കം
സിനിമയില്‍ കണ്ടുശീലിച്ച രംഗങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്ന ഞെട്ടലിലും ആശ്ചര്യത്തിലുമാണ് എ.കെ.ജി ആശുപത്രിയിലെ മോര്‍ച്ചറി അറ്റന്‍ഡര്‍ ജയന്‍. ജീവിതത്തിലിന്നേവരെ കണ്ടിട്ടിട്ടില്ലാത്ത കാഴ്ചയ്ക്കാണ് സാക്ഷിയാകേണ്ടി വന്നത്. ഫ്രീസര്‍ അടക്കം തുറന്നുവെച്ച് മൃതദേഹമെടുക്കാന്‍ ആംബുലന്‍സില്‍ കയറിയപ്പോള്‍ കണ്ടത് അതുവരെ മരിച്ചെന്ന് കരുതിയ ആളുടെ കൈയ്യിലൊരു അനക്കം.
ജീവന്‍റെ തുടിപ്പറിഞ്ഞ് നിമിഷങ്ങള്‍ക്കൊണ്ട് ആംബുലന്‍സ് പാഞ്ഞു കാഷ്വാലിറ്റിയിലേക്ക്. പവിത്രനെ ഐസിയുവിലേക്ക് മാറ്റി. ഇപ്പോള്‍ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു. ബന്ധുക്കളെ കണ്ട പവിത്രന്‍ ഓക്സിജന്‍ മാസ്കിനുള്ളിലൂടെ സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ വെന്‍റിലേറ്റര്‍ സഹായത്തോടെ ജീവന്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു കഴിഞ്ഞ ദിവസം വരെ. വെന്‍റിലേറ്റര്‍ മാറ്റിയാല്‍ മരണമെന്ന് ഡോക്ടര്‍മാര്‍ തീര്‍ത്തുപറഞ്ഞതോടെ, ഇനി വെച്ചുകൊണ്ടിരിക്കേണ്ട എന്ന് തീരുമാനിച്ചത് ബന്ധുക്കളാണ്.
മരിച്ചെന്ന് മനസിലുറപ്പിച്ച ബന്ധുക്കള്‍ക്ക് പറ്റിയ അബദ്ധമാണ് പവിത്രനെ മോര്‍ച്ചറിയ്ക്ക് മുമ്പിലെത്തിച്ചതെന്നാണ് സൂചന. ചരമവാര്‍ത്ത പത്രത്തിലടക്കം അച്ചടിച്ചുവരികയും ചെയ്തു. പ്രാദേശിക ജനപ്രതിനിധികളടക്കം മരണം ഉറപ്പിച്ച് വിളിച്ചതുകൊണ്ടാണ് മോര്‍ച്ചറി തയ്യാറാക്കിയതെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ മരണം സ്ഥിരീകരിക്കാന്‍ പ്രത്യേകം പരിശോധിക്കാറില്ലെന്നുമാണ് എ.കെ.ജി ആശുപത്രിയുടെ വിശദീകരണം. ഏതായാലും, സംസ്കാരം അടക്കം നിശ്ചയിക്കപ്പെട്ട മനുഷ്യനാണിപ്പോള്‍ ഐസിയുവിനുള്ളില്‍ ഇതൊന്നുമറിയാതെ കിടക്കുന്നത്.