നടി ഹണി റോസിന്റെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലിൽ നിന്നും പുറത്തിറങ്ങിയേക്കും. മജിസ്ട്രേറ്റ് കോടതിയിൽ നിന്നുള്ള റിലീസിങ് ഓർഡർ ഇന്ന് ജയിലിൽ എത്തിക്കുമെന്നാണ് സൂചന. സഹതടവുകാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ജാമ്യം ലഭിച്ചിട്ടും ഇന്നലെ ബോബി പുറത്തിറങ്ങാൻ വിസമ്മതിച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെ ജാമ്യം ലഭിക്കുന്നു. വാർത്തയറിഞ്ഞ് ബോബിയെ സ്വീകരിക്കാന്‍ ജീവനക്കാരടക്കം നൂറുകണക്കിന് പേർ ജയിലിന് മുന്നിലെത്തുന്നു. വൈകിട്ട് നാലേകാലിന് ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് പുറത്തുവരുന്നു. ഒരു മണിക്കൂർ നീണ്ട നടപടിക്രമങ്ങൾക്ക് ശേഷം അഞ്ചേകാലോടെ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും റിലീസിങ് ഓർഡർ ലഭിക്കുന്നു. കോടതിയിൽ നിന്നും 13 കിലോമീറ്റർ മാത്രം അകലെയുള്ള കാക്കനാട് ജില്ലാ ജയിലിലേക്ക് 7 മണിക്ക് മുൻപ് റിലീസിങ് ഓർഡർ എത്തിച്ചാൽ ബോബി ചെമ്മണ്ണൂരിന് പുറത്തിറങ്ങാമായിരുന്നു. എന്നാൽ റിലീസിങ് ഓർഡർ ജയിലിലെത്തിയില്ല. ഇതോടെ തുടർച്ചയായ ആറാം ദിവസവും ബോബിയുടെ അന്തിയുറക്കം കാക്കനാട് ജില്ല ജയിലിൽ തന്നെയായി.
സഹതടവുകാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജയിലില്‍ തുടരുമെന്ന് ബോബി അഭിഭാഷകരെ നേരത്തെ അറിയിച്ചിരുന്നു. ഇതാണ് റിലീസ് ഓര്‍ഡര്‍ ജയിലില്‍ എത്തിക്കാതിരുന്നതിന് കാരണമെന്നാണ് സൂചന. ഇന്ന് രാവിലെ ഓർഡർ ജയിലിൽ എത്തിക്കുമെന്നും ബോബി പുറത്തിറങ്ങുമെന്നുമാണ് വിവരം. റിലീസിങ് ഓർഡർ ജയിലിൽ എത്തിയാൽ മാത്രം ബോബിക്ക് പുറത്തിറങ്ങിയാൽ മതി. ഓർഡർ ജയിലിൽ എത്തിയിട്ടും പുറത്തിറങ്ങാതിരുന്നാൽ മാത്രമാണ് ബോബിക്ക് നിയമ പ്രശ്നങ്ങളെ നേരിടേണ്ടി വരിക.
അതിനിടെ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാത്ത ബോബി ചെമ്മണ്ണൂരിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം ട്രോളുകൾ വന്നു തുടങ്ങി. ചാനലുകളിൽ മകരവിളക്ക് തൽസമയ സംപ്രേഷണം നടക്കുന്നതിനാൽ ശ്രദ്ധ കിട്ടില്ല എന്നതുകൊണ്ടാണ് ബോബി ഇന്നലെ പുറത്തിറങ്ങാതിരുന്നത് എന്നാണ് പരിഹാസം. എന്തായാലും ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ ഇക്കാര്യത്തിൽ ബോബി ചെമ്മണ്ണൂർ തന്നെ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .