uma-thomas-and-hibi

കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന് ശേഷം ആരോഗ്യം വീണ്ടെടുക്കുന്ന ഉമ തോമസിനെ പ്രാര്‍ഥനകളോടെയാണ് കേരള സമൂഹം ഉറ്റുനോക്കുന്നത്. ഉമയുടെ ആരോഗ്യസ്ഥിതിയിലെ പുരോഗതിയെക്കുറിച്ച് അറിയാന്‍ രാഷ്ട്രീയ നേതാക്കള്‍ മാത്രമല്ല സാധാരണക്കാരും പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയിരുന്നു. ഇപ്പോഴിതാ എം.എല്‍.എയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് എറണാകുളം എം.പിയും കോണ്‍ഗ്രസ് നേതാവുമായ ഹൈബി ഈഡന്‍.

ഉമ ചേച്ചിയെ കണ്ടെന്നും ശരീരത്തിനേറ്റ ചതവുകളും മുറിവുകളും അവരുടെ മനസിനേറ്റിട്ടില്ല എന്നത് സന്തോഷം നൽകുന്ന ഒന്നാണെന്നും ഹൈബി കുറിച്ചു. ഉമ തോമസിന്‍റെ സംസാരത്തെക്കുറിച്ചും എനർജിയെക്കുറിച്ചുമെല്ലാം ഹൈബി പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. അപകടം നടന്ന നാൾ മുതൽ ദിവസവും ആശുപത്രിയിലെത്തി ഡോക്ടർമാരുമായി ആശയവിനിമയം നടത്താറുണ്ടായിരുന്നെന്നും ഉമ ചേച്ചിയുടെ തിരിച്ചു വരവിൽ റിനൈ ആശുപത്രിയും ഡോക്ടർമാരും നൽകിയ അകമഴിഞ്ഞ പിന്തുണ നന്ദിയോടെ സ്മരിക്കുന്നെന്നും കൂട്ടിച്ചേര്‍ത്താണ് പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇന്ന് ഉമ ചേച്ചിയെ കണ്ടു. അപകടത്തിന് ശേഷം ആദ്യമായാണ് ചേച്ചിയെ നേരിൽ കാണുന്നത്. ശരീരത്തിനേറ്റ ചതവുകളും മുറിവുകളും അവരുടെ മനസിനേറ്റിട്ടില്ല എന്നത് സന്തോഷം നൽകുന്ന ഒന്നാണ്. ചേച്ചി കൂടുതൽ ഊർജ്ജസ്വലതയോടെ തിരിച്ചു വരും. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ പ്രാർത്ഥനകൾ ഫലിച്ചിരിക്കുന്നു.

ചെറിയൊരു പ്രശ്നമുള്ള ചേച്ചിയുടെ ഒരു കണ്ണ് ചൂണ്ടിക്കാട്ടി “എന്നെ കണ്ടാൽ ഇപ്പോ കുളപ്പുള്ളി അപ്പനെ പോലില്ലേ” എന്നൊരു ചോദ്യം. എത്ര നർമ്മം കലർത്തിയാണ് ചേച്ചിയുടെ സംസാരം.. വളരെ കൗതുകത്തോടെ അവരെ നോക്കിയിരുന്നു പോയി. വല്ലാത്തൊരു പോസിറ്റീവ് എനർജി. തമാശ കലർന്ന വിശേഷങ്ങൾ, മണ്ഡലത്തിലെ കാര്യങ്ങളെ കുറിച്ചുള്ള ആശങ്കകൾ എന്നിവയെല്ലാം ചർച്ചയായി. ആശുപത്രിയിൽ നിന്ന് ഇറങ്ങിയിട്ടും ചേച്ചിയുടെ ഒരു ഊർജ്ജം കൂടെ പോന്ന പോലെ. ആ കരുത്ത് കൊണ്ട് തന്നെയായിരിക്കാം ഇത്രയും വേഗത്തിൽ ഇത്രയും വലിയ അപകടത്തിൽ നിന്നും അവർ തിരിച്ചു കയറി വരുന്നതും.

അപകടം നടന്ന നാൾ മുതൽ ദിവസവും ആശുപത്രിയിലെത്തി ഡോക്ടർമാരുമായി ആശയവിനിമയം നടത്താറുണ്ടായിരുന്നു. ഉമ ചേച്ചിയുടെ തിരിച്ചു വരവിൽ റിനൈ ആശുപത്രിയും ഡോക്ടർമാരും നൽകിയ അകമഴിഞ്ഞ പിന്തുണ നന്ദിയോടെ സ്മരിക്കുന്നു.

ENGLISH SUMMARY:

Hibi Eden visited Uma Thomas