രണ്ട് വിനോദസഞ്ചാരികളുമായി പൊള്ളാച്ചിയില്‍ നിന്ന് പറന്നുയര്‍ന്ന യാത്രാ ബലൂണ്‍ വീണ്ടും പാലക്കാടന്‍ നെല്‍പ്പാടത്തിറക്കി. ബലൂണ്‍ പതിച്ചതിനാല്‍ വട്ടച്ചിറയിലെ കര്‍ഷകന്റെ ഒരേക്കറോളം നെല്‍ച്ചെടികള്‍ നശിച്ചു
മുപ്പതിലേറെ കിലോമീറ്റര്‍ സഞ്ചരിച്ച ബലൂണ്‍ പട്ടഞ്ചേരി വട്ടച്ചിറയിലെ കൃഷിയിടത്തിലാണ് വന്നിറങ്ങിയത്. തമിഴ്നാട് വിനോദസഞ്ചാര വകുപ്പിന്‍റെ നേതൃത്വത്തില്‍ പൊള്ളാച്ചിയില്‍ സംഘടിപ്പിച്ചിരിക്കുന്ന ബലൂണ്‍ ഫെസ്റ്റിന്‍റെ ഭാഗമായാണ് യാത്രാ ബലൂണുകള്‍ അതിര്‍ത്തി കടന്ന് പാലക്കാട്ടേക്കെത്തുന്നത്.കാറ്റിന്‍റെ ദിശ അനുസരിച്ച് നീങ്ങി പിന്നീട് സുരക്ഷിത സ്ഥലത്ത് ഇറക്കുകയും തിരികെ പറക്കുന്നതിന് പകരം യാത്രക്കാരെ എവിടെ നിന്നാണോ കയറിയത് അവിടേക്ക് റോഡ് മാര്‍ഗം തിരിച്ചെത്തിക്കുന്നതുമാണ് രീതിയെന്നാണ് ബലൂണ്‍ നിയന്ത്രിച്ചിരുന്നവര്‍ പറയുന്നത്. എന്നാല്‍ ബലൂണ്‍ പതിച്ചതോടെ വട്ടച്ചിറയിലെ കര്‍ഷകന്‍ ഉദയന്‍റെ ഒരേക്കറോളം നെല്‍ച്ചെടികള്‍ നശിച്ചിട്ടുണ്ട്. ബലൂണില്‍ സഞ്ചരിച്ചിരുന്ന അമ്മയെയും മകളെയും കാറിലും പറന്നിറങ്ങിയ ബലൂണ്‍ ലോറിയിലേക്ക് മാറ്റി പൊള്ളാച്ചിയിലേക്കും കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെയും സാങ്കേതിക തകരാറിനെത്തുര്‍ന്ന് ഒരു ബലൂണ്‍ കന്നിമാരിയിലെ പാടത്തിറക്കിയിരുന്നു.