പാലക്കാട് കഞ്ചിക്കോട് സ്വകാര്യ കമ്പനിക്ക് മദ്യനിര്‍മാണശാല സ്ഥാപിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയതിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം. അനുമതിയില്‍ ദുരൂഹതയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും വന്‍അഴിമതിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തലയും ആരോപിച്ചു. മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് അനുമതി നല്‍കിയതെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് മറുപടി നല്‍കി.
ഒയായിസ് എന്ന കമ്പനിക്ക് കഞ്ചിക്കോട് മദ്യനിര്‍മാണ ശാല സ്ഥാപിക്കാന്‍ മന്ത്രിസഭ അനുമതിനല്‍കിയതില്‍ ഒരു സുതാര്യതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഒരു കമ്പനിക്ക് മാത്രമായി എങ്ങിനെ അനുവാദം നല്‍കി എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മാനദണ്ഡങ്ങള്‍ എന്താണെന്നും സര്‍ക്കാര്‍ പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 26 വര്‍ഷമായി സംസ്ഥാനത്ത് മദ്യനിര്‍മാണ ശാലകള്‍ അനുവദിച്ചിരുന്നില്ല. 1999 ലെ നയപരമായ തീരുമാനമെന്നു പറഞ്ഞാണ് അപേക്ഷകള്‍ നിരസിച്ചിരുന്നത്. 2018 ല്‍ബ്രൂവറി അനുവദിക്കാനുള്ള നീക്കം പ്രതിപക്ഷം തടയുകയായിരുന്നു. തുടര്‍ഭരണത്തിന്‍റെ അഹങ്കാരത്തില്‍ അഴിമതിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. മന്ത്രിസഭ അനുമതി നല്‍കിയതില്‍ വന്‍അഴിമതിയെന്നും പാർട്ടിക്ക് പണം ഉണ്ടാക്കാൻ വേണ്ടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് കഞ്ചിക്കേട് ബ്രൂവറി അനുവദിച്ചതെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കമ്പനിക്കാണ് ടെണ്ടര്‍ നല്‍കിയത്. ജലക്ഷാമമുള്ള മേഖലയിലാണ് ബ്രൂവറി അനുവദിച്ചതെന്ന വിമര്‍ശനത്തിന് മഴവെള്ള സംഭരണിയിലൂടെ പദ്ധതിക്ക് ജലം ലഭ്യമാക്കും എന്നായിരുന്നു മന്ത്രിയുടെ മറുപടി.