wayanad-tiger

TOPICS COVERED

പുൽപ്പള്ളി അമരക്കുനിയെ വിറപ്പിച്ച കടുവ കൂട്ടിലായി. ദേവർഗദ്ധയിൽ സ്ഥാപിച്ച കൂട്ടിലാണ് 11.45 ഓടെ അകപ്പെട്ടത് . 10 ദിവസത്തിനിടെ അഞ്ചു ആടുകളെ കൊന്ന കടുവ നാട്ടുകാരുടെ സ്വൈര്യം കെടുത്തിയിരുന്നു. ദേവർഗദ്ധ,തൂപ്ര,ഊട്ടിക്കവല മേഖലയിൽ 7 ദിവസമായി കടുവക്ക് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. 

കടുവയുടെ ദൃശ്യം നേരത്തെ പുറത്തു വന്നിരുന്നു. പുൽപ്പള്ളി തൂപ്രക്ക് സമീപം കടുവ റോഡ് മുറിച്ച് കടക്കുന്ന ദൃശ്യമാണ് മനോരമ ന്യൂസിനു ലഭിച്ചത്. കഴിഞ്ഞദിവസം ആടിനെ കടിച്ചുകൊന്ന മേഖലയോട് ചേർന്നാണ് കടുവ വീണ്ടുമെത്തിയത്. സമീപത്തെ വയലിൽ നിന്ന് റോഡിലേക്കിറങ്ങി നിറയെ വീടുകളുള്ള ഭാഗത്തേക്ക്‌ കടക്കുന്നതാണ് ദൃശ്യം. പ്രദേശവാസിയുടെ കാറിലെ ക്യാമറയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്. ഇന്നലെ വൈകീട്ട് ആറുമണിയോടെ തൂപ്ര അംഗൻവാടിക്കു സമീപം കടുവയെ കണ്ടതായി പ്രദേശവാസികൾ വനം വകുപ്പിനെ വിവരമറിയിച്ചിരുന്നു. പിന്നാലെയാണ് ദൃശ്യം പുറത്തുവന്നത്. രാത്രി വൈകിയും പ്രദേശത്തു വനം വകുപ്പിന്റെ പരിശോധന തുടര്‍ന്നിരുന്നു. കടുവക്കായി 10 ദിവസം വനം വകുപ്പ് തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. അഞ്ചു കൂടുകളും സ്ഥാപിച്ചിരുന്നു. എന്തായാലും കടുവ കൂട്ടിലായതോടെ നാട്ടുകാരും ഉദ്യോഗസ്ഥരും ആശ്വാസത്തിലാണ്.