നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി ഇരുത്തൽ ചടങ്ങ് ഇന്ന്. വൈകിട്ട് നാലു മണിയോടെ ആറാലും മൂടിലെ വീടിന് സമീപത്തായിരിക്കും ചടങ്ങുകൾ. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഘോഷയാത്രയായി സമാധി സ്ഥലത്തെത്തിക്കും. എന്നാൽ ഗോപൻ സ്വാമിയുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
മരണ സമയത്ത് വീട്ടിലുണ്ടായിരുന്ന ഇളയ മകനെ അടക്കം കുടുംബാംഗങ്ങളെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. ഭസ്മം ഉള്ളിൽ ചെന്നോ എന്ന ഡോക്ടർമാരുടെ സംശയത്തിലും തലയിലെ കരുവാളിച്ച പാടുകളെക്കുറിച്ചുള്ള ദുരൂഹത നീക്കാനും വിദഗ്ധ പരിശോധനാ ഫലം കാക്കുകയാണ് പൊലീസ്.
കല്ലറ തുറന്ന് പരിശോധിച്ചിട്ടും നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിലെ ദുരൂഹത തുടരുകയാണ്. മരണകാരണം അറിയാൻ ആന്തരികാവയവ സാംപിളുകളുടെ പരിശോധനാഫലം വരെ കാത്തിരിക്കണം. ശരീരത്തിൽ മരണകാരണമാകാവുന്ന മുറിവുകളോ പാടുകളോ ഇല്ല. പൊലീസിന്‍റെ പഴുതടച്ച സുരക്ഷയിൽ ഇന്നലെ രാവിലെയാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. ഇരുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്‍റെ കഴുത്തുവരെ പൂജാദ്രവ്യങ്ങൾ ആയിരുന്നു.
നെയ്യാറ്റിൻകര ഗോപൻ സ്വാമിക്ക് നാളെ മഹാസമാധിയൊരുക്കുമെന്ന് കുടുംബം അറിയിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം സമാധി അലങ്കോലമാക്കാൻ ബോധപൂർവം ചിലർ ശ്രമിച്ചെന്നും നിയമ നടപടിയെടുക്കുമെന്നും മകൻ പ്രതികരിച്ചു. നിയമപ്രശ്നങ്ങളും സ്വാഭാവിക സമാധിയാണെങ്കില്‍ മൃതദേഹം തിരികെ വെയ്ക്കുന്നതില്‍ തടസമില്ലെന്നും ബോധ്യപ്പെടുത്തിയാണ് കല്ലറ തുറക്കുന്നതിന് മുന്‍പ് കുടുംബത്തെ അനുനയിപ്പിച്ചത് .