പ്രതികളുടെ എണ്ണത്തിലും പ്രതികളായ കൗമാരക്കാരുടെ എണ്ണത്തിലും സംസ്ഥാനത്തെ ഏറ്റവും വലിയ പോക്സോ കേസായ പത്തനംതിട്ട പീഡനക്കേസിൽ ഇനി പിടിയിലാകാനുള്ളത് മൂന്നു പേർ മാത്രം. ഒരാഴ്ചയ്ക്കുള്ളിൽ അഞ്ച് സ്റ്റേഷനുകളിലായി പൊലീസ് അറസ്റ്റ് ചെയ്തത് അൻപത്തിയേഴു പ്രതികളെ. ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട ഇരുപത്തിയഞ്ച് വയസിൽ താഴെ പ്രായമുളളവരാണ് പ്രതികളിൽ ഏറെയും.
ആകെയുള്ള അറുപതു പ്രതികളിൽ 57 പേരും അറസ്റ്റിലായി. പിടിയിലാകാനുള്ള രണ്ടുപേർ പത്തനംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലെ പ്രതികളാണ്. വിദേശത്തുള്ള ഇവരെ ഉടൻ പിടികൂടും. ഇലവുംതിട്ട പൊലീസ് ഇനി ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. പത്തനംതിട്ട 11, ഇലവുംതിട്ട 17, പന്തളം, മലയാലപ്പുഴ, കല്ലമ്പലം - എന്നിവിടങ്ങളിൽ ഒന്ന് വീതം - ഇങ്ങനെ അഞ്ചു പൊലീസ് സ്റ്റേഷനുകളിലായി ആകെ 31 എഫ്ഐആറുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പെൺകുട്ടിയോടൊപ്പം പഠിച്ചവരും യുവാക്കളും കൗമാരക്കാരുമാണ് പ്രതികളിൽ അധികവും. പത്തനംതിട്ടയിൽ മൂന്നും, ഇലവുംതിട്ടയിൽ രണ്ടുമായി അഞ്ചു പേരാണ് പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തവർ.
സൗഹൃദം നടിച്ച് പെൺകുട്ടിയുടെ ആൺ സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. പലയിടത്തും കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് മൊഴി. പെൺകുട്ടിയുടെ നഗ്നചിത്രവും വീഡിയോയുമെടുത്ത പ്രതി അത് സുഹൃത്തുക്കളുമായി പങ്കുവച്ചു. ഇങ്ങനെ 2019 തുടങ്ങി അഞ്ചുവർഷത്തിനിടെ പീഡിപ്പിച്ചത് 60 പേർ. 34 ആളുകളുടെ പേരുകൾ പെൺകുട്ടി എഴുതിവെച്ചിരുന്നു. ഇപ്പോൾ 18 വയസ്സുള്ള വിദ്യാർഥിനിക്ക് വിശദമായ കൗൺസിലിംഗ് നൽകിയപ്പോഴാണ് പീഡന വിവരം പുറത്തായത്.
പ്രതികളിൽ മിക്കവരും 20-നും 30-നും ഇടയിൽ പ്രായമുള്ളവരാണ്. പ്രതികളിൽ ഒരാൾ പോക്സോകേസിൽ ജയിൽവാസം അനുഭവിക്കുകയാണ്.അച്ഛന്‍റെ ഫോണിലൂടെയാണ് പ്രതികൾ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. ജില്ലയ്ക്ക് പുറത്തുള്ള ആളുകളും പ്രതികളായേക്കും. പത്തനംതിട്ട ചുട്ടിപ്പാറയിൽ വച്ചും പീഡനം നടന്നു. പെൺകുട്ടിയുടെ നാട്ടുകാരും സുഹൃത്തുക്കളും കായിക താരങ്ങളും പരിശീലകരുമൊക്കെ പ്രതികളാണെന്ന് സിഡബ്ല്യുസി ചെയർമാൻ എൻ. രാജീവ് പറഞ്ഞു