കലൂർ സ്റ്റേഡിയത്തിലെ വിവാദ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിൽസയിലുള്ള ഉമാതോമസ് എം.എൽ.എ അടുത്തയാഴ്ച ആശുപത്രി വിടും. മുഖ്യമന്ത്രി പിണറായി വിജയൻ ഉമ തോമസിനെ സന്ദർശിച്ചു. തിരുവനന്തപുരത്ത് സഭാസമ്മേളനത്തിന് ശേഷം ഹെലികോപ്റ്ററിൽ ആണ് മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്
എം. എൽ. എ. ചികിൽസയിലുള്ള കൊച്ചി റിനൈ ആശുപത്രിയിൽ ഉച്ചക്ക് ഒരു മണിക്കാണ് മുഖ്യമന്ത്രി എത്തിയത്. ആരോഗ്യ വിവരം അന്വേഷിച്ച മുഖ്യമന്ത്രിയോട് മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമ തോമസ് നന്ദി അറിയിച്ചു. എന്നാല്‍ ഇത് തന്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നാടാകെ ചേർന്നുനിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചുമിനിറ്റ് മാത്രമുള്ള കൂടിക്കാഴ്ചയിൽ തന്റെ അപകടം ദൃശ്യം കണ്ടപ്പോഴുള്ള ഭയപ്പാടും ഉമാതോമസ് പങ്കുവച്ചു. അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഉമാതോമസ് ആശുപത്രി വിട്ടേക്കും.ഉമാതോമസിനെ സന്ദർശിച്ചശേഷം സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി കൊൽക്കത്തയിലേക്ക് പോയി