pv-anvar-criticizes-the-governments-liquor-policy

കേരളത്തിൽ നടക്കുന്നത് സർക്കാർ "സ്പോൺസേർഡ്" മദ്യക്കച്ചവടമാണെന്ന് പിവി അന്‍വര്‍. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി അനുവദിക്കാനുള്ള മന്ത്രിസഭായോഗ തീരുമാനം  സർക്കാർ പുനഃ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  വീര്യം കുറഞ്ഞ മദ്യത്തിന് (എക്സ്ട്രാ ന്യൂട്രൽ അൽക്കഹോൾ–ഇ.എൻ.എ  ) അനുമതി നൽകുമെന്ന മദ്യനയത്തിലെ പരാമർശം അട്ടിമറിച്ചാണ് മധ്യപ്രദേശിലെ ഇന്ദോർ ആസ്ഥാനമായുള്ള ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമിത വിദേശമദ്യ ബോട്ട്ലിങ് യൂണിറ്റ്, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരിക്കുന്നത്. 1999 ലെ എക്സിക്യൂട്ടീവ് ഉത്തരവിന് വിരുദ്ധമാണിത്.

കഴിഞ്ഞ ദിവസമാണ് ഡ്രഗ് അഡിക്റ്റ് ആയ മകൻ താമരശ്ശേരിയിൽ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്. മദ്യവും മയക്കുമരുന്നുകളും കാരണമായി കേരളം സാമൂഹിക അരക്ഷിതാവസ്ഥ അഭിമുഖീകരിക്കുകയാണ്. ലഹരി വിമുക്ത കേരളത്തെക്കുറിച്ചും മദ്യനിരോധനത്തെ കുറിച്ചും സർക്കാർ ചിന്തിക്കേണ്ട സമയമാണിത്.

കേരളത്തിൽ സവിശേഷ കാലാവസ്ഥയുള്ള പ്രദേശമാണ് പാലക്കാട് ജില്ല. പശ്ചിമഘട്ടത്തിന്റെ വിടവിലൂടെ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് അടിക്കുന്ന വരണ്ട ഉഷ്ണക്കാറ്റ് പാലക്കാടൻ കാലാവസ്ഥയുടെ പ്രത്യേകതയാണ്. ഇതിൻറെ ഫലമായി  ജലദൗർലഭ്യം അനുഭവപ്പെടുന്ന പ്രദേശം കൂടിയാണ് പാലക്കാട് ലക്ഷക്കണക്കിന് ഗ്യാലൻ ലിറ്റർ വെള്ളം ദിനേനെ ആവശ്യം വരുന്ന ബ്രൂവറി പോലുള്ള വ്യവസായങ്ങൾക്ക് ജില്ലയിൽ അനുമതി നൽകുന്നതോടെ കുടിവെള്ള പ്രശ്നവും, കാർഷികാവശ്യങ്ങൾക്കായുള്ള ജലലഭ്യതയും രൂക്ഷമാകും എന്ന കാര്യത്തിൽ സംശയമില്ല. മഴവെള്ളം സംഭരിച്ചു ഉപയോഗിക്കും എന്ന സർക്കാർ വാദം പ്രായോഗികമല്ല. അത്ര വലിയ അളവിൽ മഴവെള്ളം സംഭരിക്കാൻ ശേഷിയുള്ള സംവിധാനങ്ങളോ സാങ്കേതിക ശേഷിയോ ഇന്ന് കേരളത്തിലില്ല.

നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പണം കണ്ടെത്താനുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തന്ത്രപരമായ അഴിമതിയാണ് കഞ്ചിക്കോട് ബ്രൂവറി അനുവദിക്കുന്നതിലൂടെ നടന്നിരിക്കുന്നത്. ജനങ്ങൾ ഈ സത്യം തിരിച്ചറിയേണ്ടതുണ്ട്. തൃണമൂൽ കോൺഗ്രസ് കേരള ഘടകം ഒരു കാരണവശാലും ഈ പദ്ധതി നടപ്പിലാക്കാൻ സർക്കാറിനെ അനുവദിക്കില്ലെന്നും ശക്തമായ സമര പരിപാടികൾ വരും ദിവസങ്ങളിൽ ആലോചിച്ചു നടപ്പാക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ENGLISH SUMMARY:

PV Anvar criticizes the government's liquor policy. PV Anvar says government "sponsored" liquor trade is going on in Kerala.