ഈയാഴ്ച ആശുപത്രി വിടാനാകുമെന്ന് പ്രതീക്ഷ പങ്കുവച്ച് കലൂരില്‍ നൃത്തപരിപാടിയ്ക്കിടെ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എ. രോഗാവസ്ഥയിൽ നിന്ന് അതിവേഗം പുറത്തു വരാൻ കാരണം എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയുമാണെന്നും ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് ഉമാ തോമസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ആശുപത്രിയിൽ തന്നെ കാണാൻ എത്തിയ കുട്ടി സന്ദർശകനൊപ്പമുള്ള ചിത്രവും ഉമ തോമസ് പങ്കുവച്ചിട്ടുണ്ട്. നൈപുണ്യ സ്കൂളിലെ എൽകെജി വിദ്യാർഥി നാഥനാണ് താൻ വരച്ച ചിത്രങ്ങളുമായി ഉമാ തോമസിനെ കാണാൻ എത്തിയത്.
ഉമാ തോമസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം...
‘കഴിഞ്ഞ കുറച്ചു ദിവസമായി എന്റെ 'ഹോസ്പിറ്റല്‍ മേറ്റ്' ആണ് നൈപുണ്യ പബ്ലിക്ക് സ്കൂളിലെ എല്‍കെജി വിദ്യാർത്ഥിയായ കുഞ്ഞു നഥാൻ.. പനി കാരണം അഡ്മിറ്റായതാണ്. 3- 4 ദിവസമായിട്ട് ഉമ എംഎല്‍എയെ കാണണം എന്ന് ഒരേ വാശി ആശാന്. സന്ദർശകർക്ക് വിലക്ക് ആയതിനാൽ ആദ്യ ദിവസങ്ങളിൽ നഥാന്റെ മാതാപിതാക്കള്‍ വിലക്കി. ഇന്നലെ നഥാൻ അമ്മ ഡോണയെയും കൂട്ടി എന്റെ റൂമിൽ എത്തി അൽപ്പസമയം ചിലവിട്ടു. പനിയുടെ ക്ഷീണത്തിലും തന്റെ കുഞ്ഞു കൈകളാൽ വരച്ച്, ചായം പൂശിയ 2 മനോഹര ചിത്രങ്ങൾ എനിയ്ക്ക് സമ്മാനിച്ചു. കൂടാതെ വേഗം സുഖം പ്രാപിക്കൂ എന്ന ആശംസയും.
'സ്നേഹത്തിനും കരുണയ്ക്കും പ്രായം ഇല്ല'. നഥാൻ മോൻ നൽകിയ ഈ മനോഹരമായ സമ്മാനത്തിന് ഞാൻ അതീവ നന്ദിയുള്ളവളാണ്. മോനെപ്പോലുള്ള സ്നേഹമുള്ള മനുഷ്യരുടെ പ്രാർഥനകളും സാന്നിധ്യവുമാണ് രോഗാവസ്ഥയിൽ നിന്നും അതിവേഗം പുറത്തുവരാന്‍ കാരണം. നഥാൻ ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. പ്രതീക്ഷയോടെ ഈ ആഴ്ച്ച ഞാനും.’
അതേസമയം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമാ തോമസ് എംഎല്‍എയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി ഉമാ തോമസിനെ മുറിയിലെത്തി നേരില്‍ കണ്ട് സംസാരിച്ചു. ചികിത്സയ്ക്കായ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതില്‍ മുഖ്യമന്ത്രിയോട് എം.എല്‍.എ നന്ദി പറഞ്ഞു. മക്കളായ വിഷ്ണുവും വിവേകും ഡോക്ടര്‍മാരും മുറിയിലുണ്ടായിരുന്നു. മന്ത്രി കെ.എന്‍.ബാലഗോപാല്‍ സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍, സിറ്റി പൊലീസ് കമ്മിഷണ്‍ പുട്ട വിമലാദിത്യ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
നേരത്തെ എംഎൽഎ ആശുപത്രിയിൽ നടക്കുന്നതിന്‍റെ വിഡിയോയും ചിരിച്ച് സംസാരിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. മന്ത്രി ആർ ബിന്ദുവും തൃക്കാക്കര നഗരസഭയിലെ സഹപ്രവർത്തകരും ആശുപത്രിയിൽ എത്തി ഉമാ തോമസുമായി വിഡിയോ കോളിൽ സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഓരോരുത്തരോടും വിശേഷങ്ങൾ തിരക്കുകയും ആരോഗ്യനിലയെ പറ്റി സംസാരിക്കുകയും ചെയ്യുന്ന വിഡിയോ എംഎൽഎയുടെ സോഷ്യൽ മീഡിയ ടീമാണ് ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.