sharon-case

ഷാരോണ്‍ കേസിലെ വിധി ആദ്യത്തെ അപ്പീലില്‍ത്തന്നെ ദുർബലപ്പെടുമെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. കാരണമെന്തായാലും വിഷം നൽകിയുള്ള കൊലപാതകം അപൂർവ്വങ്ങളിൽ അത്യപൂര്‍വമായ കേസ് ആകില്ല. വധശിക്ഷാവിധി ഗുണം ചെയ്യാന്‍ പോകുന്നത് പ്രതി ഗ്രീഷ്മയ്ക്കാണ്. ഹൈക്കോടതി അപ്പീലിന്റെ ആദ്യ പരിഗണനയിൽത്തന്നെ വധശിക്ഷ സ്റ്റേ ചെയ്യുമെന്ന് ശ്രീജിത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷയാക്കി കുറച്ചാലും സുപ്രീംകോടതിയിൽ കേസ് വീണ്ടും ദുര്‍ബലപ്പെടാനാണ് സാധ്യത. കാരണം വധശിക്ഷ സംബന്ധിച്ച സുപ്രീംകോടതി മാർഗ്ഗനിർദേശങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ് വിചാരണക്കോടതി വിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷയാണ്  വിധിച്ചത്. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചു. കടുത്ത വിശ്വാസവഞ്ചനയാണ് ഗ്രീഷ്മ ഷാരോണിനോട് കാട്ടിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്നേഹം പ്രകടിപ്പിക്കുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ആവര്‍ത്തിച്ച് ശ്രമിച്ചു. എന്നാല്‍ മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്നേഹിച്ചിരുന്നു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ലെന്നും 586 പേജുള്ള വിധിന്യായത്തില്‍ കോടതി പറഞ്ഞു. 

വെള്ളമിറക്കാന്‍ പോലും കഴിയാതെ 11 ദിവസം ആശുപത്രിയില്‍ കിടന്നപ്പോഴും ഷാരോണ്‍ ഗ്രീഷ്മയെ കൈവിട്ടില്ല. ജ്യൂസ് ചലഞ്ച് വധശ്രമമായിരുന്നുവെന്നും തെളിവുകള്‍ ഒപ്പമുണ്ടെന്ന് പ്രതി അറിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹം ഉറപ്പിച്ചശേഷവും ഗ്രീഷ്മയ്ക്ക് മറ്റുബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഷാരോണുമായി ലൈംഗികബന്ധം നടത്തിയെന്ന് തെളിഞ്ഞുവെന്നും വിധിന്യായത്തില്‍ പറയുന്നു. 

ബന്ധം അവസാനിപ്പിക്കാന്‍ വിഷം കൊടുത്ത് കൊന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.എം.ബഷീര്‍ വ്യക്തമാക്കി. ‘ഇന്‍റലിജന്‍റ്’ ക്രിമിനലായ പ്രതിയുടെ പ്രായം കണക്കിലെടുക്കാന്‍ കഴിയില്ല. കുറ്റം മറയ്ക്കാനുള്ള ഗ്രീഷ്മയുടെ കൗശലം ഫലിച്ചില്ല. കേസന്വേഷണത്തെ വഴി തെറ്റിക്കാനാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും കോടതി കണ്ടെത്തി. ലൈസോള്‍ കുടിച്ചാല്‍ മരിക്കില്ലെന്ന് കൃത്യമായ ധാരണ പ്രതിക്കുണ്ടായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പ്രായം കുറവാണെന്നതും വധശിക്ഷ വിധിക്കുന്നതിന് തടസമല്ലെന്ന് വ്യക്തമാക്കിയ കോടതി, ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് കണ്ടെത്തി. തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷവും അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതിന് അഞ്ച് വര്‍ഷം തടവും കോടതി വിധിച്ചു.

അതിസമര്‍ഥമായി കേസന്വേഷിച്ച കേരള പൊലീസിനെ കോടതി അഭിനന്ദിച്ചു.  മാറിയ കാലത്തിനനുസരിച്ചാണ് അന്വേഷണം നടത്തിയതെന്നും ശാസ്ത്രീയ തെളിവുകള്‍ നന്നായി ഉപയോഗിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഗ്രീഷ്മയ്‌ക്കെതിരെ കൊലപാതകത്തിന് പുറമെ ഷാരോണിന് വിഷം കൊടുത്തതിന്‍റെ പേരില്‍ വധശ്രമക്കുറ്റവും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.

തെളിവു നശിപ്പിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മാവൻ നിർമല കുമാരൻ നായർക്ക് തടവുശിക്ഷ നല്‍കിയത്. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി വെറുതെ വിട്ടു. ഒക്ടോബർ 14-ന് ഗ്രീഷ്മ ഷാരോൺ രാജിനെ വിഷം കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ചികില്‍സയിലിരിക്കെ ഒക്ടോബർ 25-നാണ് ഷാരോൺരാജ് മരിച്ചത്.

ENGLISH SUMMARY:

Supreme Court lawyer Sreejith Perumana stated that the ruling in the Sharon case will be weakened in the first appeal itself