കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കല രാജുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാതെ പൊലീസ്. അതിനിടെ, കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസില്‍ വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്തു. ജീവന് സുരക്ഷയില്ലെന്നും പാര്‍ട്ടി വിടുന്ന കാര്യം ആലോചിക്കുമെന്നും കല രാജു പറഞ്ഞു. കലയെ ഒപ്പം നിര്‍ത്താനുള്ള സാമ്പത്തിക നീക്കം മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയിരുന്നതായി സിപിഎം ആരോപിച്ചു.
കല രാജുവിനെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസില്‍ തടഞ്ഞുവച്ച സംഭവത്തില്‍ തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി സിപിഎം ഏരിയ സെക്രട്ടറി പി.ബി രതീഷ്, നഗരസഭാധ്യക്ഷ വിജയ ശിവന്‍, വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസ് എന്നിവരുള്‍പ്പെടെ 45 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അതിനിടെയാണ് പ്രതികള്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. കല രാജുവിന്‍റെ ബാങ്ക് ബാധ്യത പരിഹരിക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്‍കിയതായും ജനുവരി മുതല്‍ ഇതിനായി നീക്കം നടക്കുന്നതായും സിപിഎം ആരോപിച്ചു. ക്വാറി മാഫിയയ്ക്ക് ഇതില്‍ പങ്കുണ്ട്. മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് ഈ നീക്കങ്ങള്‍ പിന്നിലെന്നും സിപിഎം.
കലയെ ബന്ദിയാക്കിയിട്ടില്ലെന്നും താനുള്‍പ്പെടെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്തതായും നഗരസഭാ അധ്യക്ഷ.
പൊലീസിന്‍റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും മൊഴി രേഖപ്പെടുത്താന്‍ പോലും തയ്യാറായിട്ടില്ലെന്നും കല രാജു. കല രാജുവിനെ തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട് 4 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.