സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കാട്ടാന ആക്രമണം. തിരുവനന്തപുരം വിതുരയില്‍ മീൻ പിടിച്ചു കൊണ്ടിരുന്നയാളെ കാട്ടാന ചുഴറ്റിയെറിഞ്ഞു. ചാലക്കുടി വെട്ടിക്കുഴിയില്‍ കാട്ടാന വീടിന്‍റെ മതില്‍ തകര്‍ത്തു. മലപ്പുറം കരുളായിയിലും കാട്ടുകൊമ്പന്‍ ഭീതി പടര്‍ത്തി.
തിരുവനന്തപുരം വിതുര തലത്ത്കാവിന് സമീപം പുഴയില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെയാണ് അറുപതുകാരനായ ശിവാനന്ദൻ കാണിയെ കാട്ടാന ആക്രമിച്ചത്. തുമ്പിക്കെകൊണ്ട് ചുഴറ്റി ശിവാനന്ദനെ റബര്‍ തോട്ടത്തിലേക്ക് എറിഞ്ഞു. പുലര്‍ച്ചെ നാലുമണിക്കായിരകുന്നു ആക്രമണം. നട്ടെല്ലിന് പരുക്കേറ്റ ശിവാനന്ദനെ ആദ്യം വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കാടിനോടുചേർന്ന ഈ പ്രദേശത്ത് വന്യ ജീവി ആക്രമണം പതിവാണ്. ചാലക്കുടി വെട്ടിക്കുഴിയില്‍ കാട്ടാന വീടിന്‍റെ മതില്‍ തകര്‍ത്തു. വീട്ടുവളപ്പില്‍ ആനയെ കണ്ട് നാട്ടുകാര്‍ ഭയന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ചാണ് ആനയെ കാടുകയറ്റിയത്.
മലപ്പുറം കരുളായിയിൽ ഇറങ്ങിയ കാട്ടുകൊമ്പന്‍ പാലാങ്കര പാലത്തിനുസമീപം മണൽ എറിഞ്ഞുകൊണ്ട് ഭീതിപടര്‍ത്തി നടന്നു നീങ്ങി. കഴിഞ്ഞ രണ്ടുമാസമായി ജനവാസ മേഖലയോടു ചേർന്ന് പുഴയിൽ ഇതേ കാട്ടുകൊമ്പന്റെ സാന്നിധ്യം പതിവാണ്. കരുളായി വനത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആദിവാസി വീട്ടമ്മയും യുവാവും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. കോയമ്പത്തൂരിലും ആന ശല്യ രൂക്ഷമാണ്. രണ്ടുപേരെ വകവരുത്തുകയും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും ചെയ്യുന്ന ഒറ്റയാൻ തെക്കു പാളയം കെന്നടി തെൻട്രൽ അവന്യുവിൽ ഇറങ്ങി. അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട് തകര്‍ത്ത കാട്ടാന മുഴുവൻ സാധനങ്ങളും പുറത്തേക്ക് വലിച്ചിട്ടു. അരി ഉള്‍പ്പെടുയുള്ളവ ആന തിന്നു.
ഒറ്റമുറി വീട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍ മുറിയുടെ മൂലയില്‍ പതുങ്ങിയിരുന്നാണ് രക്ഷപെട്ടത്. കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷനിലെ പെരിയ നായക്കം പാളയം റേഞ്ചിലെ കൂടല്ലൂർ നഗരസഭ പരിധിയിലാണ് അരിക്കൊമ്പന് മോഡല്‍ ആക്രമണം. വനപാലകർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചതോടെ ആന കാടുകയറി. അതേസമയം മലയാറ്റൂർ , അതിരപ്പിള്ളി വനമേഖലയിൽ മസ്തകത്തിന് പരുക്കേറ്റ കാട്ടാനയ്ക്കായി തിരച്ചിൽ തുടങ്ങി. ആനയെ കണ്ടെത്താൻ അതിരപ്പിള്ളിയിൽ വനംവകുപ്പ് സംഘത്തിന്‍റെ നിരീക്ഷണമുണ്ട്. ചികിത്സ നൽകാൻ പ്രത്യേക ഡോക്ടർമാരുടെ സംഘത്തെയും നിയോഗിച്ചു. ഡോ. ഡേവിഡ്, ഡോ. മിഥുൻ, ഡോ. ബിനോയ് എന്നിവർ അടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചത്. ആനയ്ക്ക് ചികിത്സ ആവശ്യമെന്ന് കണ്ടെത്തിയാൽ മയക്ക് വെടിവയ്ക്കും. ഡോക്ടർ അരുൺ സക്കറിയയും സംഘവും ഇന്ന് വൈകിട്ട് എത്തും.