ഷാരോൺ വധക്കേസില്‍ ഗ്രീഷ്മക്ക് ലഭിച്ച വധശിക്ഷ അധികമായി പോയെന്ന്  ഹൈക്കോടതി റിട്ട ജസ്റ്റിസ് കെമാല്‍ പാഷ.  ഇത് മേല്‍ക്കോടതിയില്‍ നിലനില്‍ക്കാന്‍ സാധ്യത കുറവാണ്.  ഗ്രീഷ്മയെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന സമ്മര്‍ദം ഷാരോണ്‍ ഒരുക്കിയത് കോടതി പരിഗണിക്കേണ്ടിയിരുന്നെന്നും  അദ്ദേഹം പറഞ്ഞു.

ഈ പെണ്‍കുട്ടിക്ക് 24 വയസേ ഉള്ളൂ, പക്വത വളരെ കുറവാണ്. അതുകൊണ്ടാണ് ഷാരോണുമായുള്ള ബന്ധത്തില്‍ പെട്ടുപോയതുപോലും. പിന്നെ രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ലെന്നായി. ഷാരോണിന്‍റെ കൈയ്യില്‍ ഗ്രീഷ്മയുടെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം  ഇരിപ്പുണ്ട്. അത് കാട്ടി അവസാനം ഭീഷണിയുമുണ്ടായി. ഈ കുട്ടി കസ്റ്റഡിയിലുണ്ടായിരുന്നപ്പോള്‍ ലൈസോള്‍ എടുത്ത് കുടിച്ച് ആശുപത്രിയിലായിട്ടുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് അവള്‍. മരിച്ചു പോയാലോ എന്ന് കരുതി മജിസ്ട്രേറ്റ്   അന്ന് മൊഴി രേഖപ്പെടുത്തി.

ഷാരോണിന്‍റെ കയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ലെന്നാണ് ഗ്രീഷ്മ അന്ന് മൊഴി നല്‍കിയത്. ആത്മഹത്യയ്ക്കായി ശ്രമിച്ചതാണെന്നും അവള്‍ പറഞ്ഞിരുന്നു. തനിക്കായി കലക്കി വെച്ചതാണ് ആ വിഷമെന്നും, അവന്‍ ഇനി എന്നെ ഉപദ്രവിച്ചാല്‍ ‍അത് കുടിച്ച് ആത്മഹത്യ ചെയ്യുമെന്നുമൊക്കെയാണ് അവള്‍  മജിസ്ട്രേറ്റിനോട് മൊഴിയായി പറഞ്ഞത്. ഇതെന്താണ് കലക്കി വച്ചിരിക്കുന്നതെന്ന് ഷാരോണ്‍ ചോദിച്ചു. അവള്‍ പറഞ്ഞു ഞാന്‍ കുടിക്കുന്ന കഷായമാണെന്ന്. എന്നാല്‍ ‍ഞാനൊന്ന് കുടിച്ചു നോക്കട്ടെയെന്ന് പറഞ്ഞപ്പോള്‍ അവളെടുത്ത് ഒഴിച്ചു കൊടുക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.  

തനിക്ക് കിട്ടാത്തത് വേറെ ആരും അനുഭവിക്കേണ്ടെന്ന് പറഞ്ഞ് ഗ്രീഷ്മയെ ഷാരോണ്‍ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്. അതിന്‍റെ സത്യാവസ്ഥ നമുക്ക് അറിയില്ല. ജീവപര്യന്തത്തില്‍ നില്‍ക്കേണ്ട കേസാണെന്നാണ് തോന്നുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ല ഇതെന്നും ജ.കെമാല്‍പാഷ അഭിപ്രായപ്പെട്ടു.

പ്രതി നടത്തിയത് ആസൂത്രിത കുറ്റകൃത്യമാണെന്നും പ്രായം കുറവാണെന്നതോ ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതോ കണക്കിലെടുക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് ജഡ്ജി എ.എം ബഷീര്‍ വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് തൂക്കുകയറിന് പുറമെ തട്ടിക്കൊണ്ട് പോകലിന് 10 വര്‍ഷവും അന്വേഷണം വഴി തെറ്റിച്ചുവിടാന്‍ ശ്രമിച്ചതിന് അഞ്ച് വര്‍ഷവും കോടതി ശിക്ഷ വിധിച്ചു. തെളിവുനശിപ്പിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് മൂന്നുവര്‍ഷം തടവാണ് ശിക്ഷ.

ENGLISH SUMMARY:

Retired High Court Justice Kemal Pasha said that the death sentence awarded to Greeshma in the Sharon murder case was excessive. It is unlikely to hold up in the Supreme Court. He said that the court should have considered that Sharon prepared the pressure to push Greeshma to commit suicide.