ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് പരമാവധി ഇരട്ട ജീവപര്യന്തം വരെയാണ് പല നിയമവിദഗ്ധരും പ്രവചിച്ചിരുന്നത്. എന്നാൽ നെയ്യാറ്റിൻകര ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ വിധിച്ചത് തൂക്കുകയർ. 24 വയസ്സേ ഉള്ളുവെന്നും ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും പഠിക്കാൻ മിടുക്കി ആണെന്നുമുള്ള വാദങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു പരമാവധി ശിക്ഷാവിധി.
എട്ടു മാസത്തിനിടെ നാലാമത്തെ കുറ്റവാളിക്ക് വധശിക്ഷ വിധിക്കുന്ന ജഡ്ജി എന്ന പ്രത്യേകതയും എ.എം.ബഷീറിനുണ്ട്. കഴിഞ്ഞ മേയില്‍ വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലാണ് എ.എം.ബഷീർ ഇതിനുമുന്‍പ് വധശിക്ഷ വിധിച്ചത്. ഒരു സ്ത്രീ അടക്കം മൂന്നുപേർക്കാണ് അന്ന് തൂക്കുകയര്‍ വിധിച്ചത്. ഇപ്പോൾ ഗ്രീഷ്മ കൂടിയായതോടെ വധശിക്ഷ കാത്ത് കേരളത്തിലെ ജയിലിൽ കഴിയുന്ന രണ്ടു സ്ത്രീകൾക്കും ശിക്ഷ വിധിച്ചത് ഒരേ ജഡ്ജി.
ന്യായാധിപൻ എന്നതിനപ്പുറം മറ്റു ചില മേഖലകളിലും എ.എം.ബഷീർ പ്രശസ്തനാണ്. സാഹിത്യകാരനായ ന്യായാധിപൻ എന്നാണ് കോടതി മുറികളിൽ ഇദ്ദേഹം അറിയപ്പെടുന്നത്. നിരവധി നോവലുകളുടേയും കഥാ സമാഹാരങ്ങളുടെയും സഞ്ചാര സാഹിത്യ കൃതികളുടെയും രചയിതാവാണ്. ഇതിൽ ‘തെമിസ്’ എന്ന കുറ്റാന്വേഷണ നോവൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ജെ’ കേസ് എന്ന കേസ് സ്റ്റഡിയും പ്രസിദ്ധീകരിച്ചു. ഉറുപ്പ, പച്ച മനുഷ്യൻ, റയട്ട് വിഡോസ് എന്ന നോവലുകളും ‘ഒരു പോരാളി ജനിക്കുന്നു’ എന്ന കഥാസമാഹാരവും ‘ജംറ’ എന്ന സഞ്ചാരസാഹിത്യ കൃതിയും ഇദ്ദേഹത്തിന്‍റേതായുണ്ട്.
തൃശൂർ വടക്കാഞ്ചേരി സ്വദേശിയാണ്. അഭിഭാഷകനായിരിക്കെ 2002-ൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റായി നിയമനം ലഭിച്ചു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ചങ്ങനാശേരി, ആലപ്പുഴ, കൊല്ലം കോടതികളില്‍ ജോലിചെയ്തു. ജില്ലാജഡ്ജിയായി തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവർത്തിച്ചു. കേരള നിയമസഭ സെക്രട്ടറിയായിരിക്കെയാണ് നെയ്യാറ്റിൻകര ജില്ലാ സെഷൻസ് ജഡ്ജ് ആയി നിയമിതനായത്. കേരള ലോകയുക്ത ഉദ്യോഗസ്ഥ എസ്.സുമയാണ് ഭാര്യ. അഭിഭാഷകയായ അസ്മിൻ നയാര മകളും വിദ്യാർത്ഥിയായ അസിം ബഷീർ മകനുമാണ്.